പാഴ്വസ്തുക്കള് ഉപയോഗിച്ച് കൃഷിയിടമൊരുക്കി യുവാവ്
Posted on: 07 Sep 2015
പാലോട്: പഴയ വീട് പൊളിച്ചപ്പോള്‍ ബാക്കിയായ ഓടുകള്‍ നാലെണ്ണം വീതം ചേര്‍ത്തുവച്ച് നടീല്‍വസ്തുക്കള്‍ ഒരുക്കിയാണ് നന്ദിയോട് പൗവത്തൂര്‍ വിജയ് വിലാസത്തില്‍ ശ്രീജിത്ത് കാര്‍ഷികരംഗത്ത് പുത്തന്രീതിയുമായി കടന്നുവന്നത്. നേരംപോക്കിനായി ഓടുകള്‍ ചേര്‍ത്തുവച്ച് ആരംഭിച്ച കൃഷിരീതി ശ്രീജിത്തിന് ഇന്ന് ഗൗരവമേറിയ തൊഴിലും, വരുമാനമാര്‍ഗവുമാണ്. ഇത്തരത്തിലുള്ള 400 ഓളം പച്ചക്കറിച്ചട്ടികള്‍ ഇപ്പോള്‍ ശ്രീജിത്തിന്റെ വീട്ടുമുറ്റത്തുണ്ട്. നന്ദിയോട്ട് മൊബൈല്‍ കട നടത്തിവരികയാണ് ഇപ്പോള്‍ ശ്രീജിത്ത്.
ഓടുകള്‍ കുത്തനെ ചേര്‍ത്തുകെട്ടി അതിനുള്ളില്‍ മണ്ണ് നിറച്ചാണ് കൃഷിയൊരുക്കുന്നത്. 25 വര്‍ഷം വരെ ഈ സംവിധാനം നിലനില്‍ക്കുമെന്ന് ശ്രീജിത്ത് പറയുന്നു. പയര്‍, വെണ്ട, തക്കാളി, ചോളം, ബീന്‍സ്, പാവക്ക, പടവലം, പച്ചമുളക് എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചെടികള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനും ശ്രീജിത്തിന് തന്റേതായ ആശയമുണ്ട്. കാലിയായ വിദേശമദ്യകുപ്പികള് ശേഖരിച്ച് അതില്‍ വെള്ളം നിറച്ച് വിളകളുടെ ചുവച്ചില് കമിഴ്ത്തിയിട്ട് ഡ്രിപ്പ് ഇറിഗേഷനും സാധ്യമാക്കുന്നു. കൃഷിക്കാവശ്യമായ ജൈവവളവും ഈ ചെറുപ്പക്കാരന് സ്വന്തമായി തയ്യാറാക്കുന്നു. നാളികേരം മിശ്രിതം, ചാണകവും ഗോമൂത്രവും ശര്‍ക്കരയും തേനും ചേര്‍ത്തുണ്ടാക്കുന്ന അമൃത്പാനിയാണ് ശ്രീജിത്ത് വിളകള്‍ക്ക് നല്‍കുന്നത്. ഈ കൃഷിരീതി ഏറെ ലാഭകരമാണെന്ന് ശ്രീജിത്ത് പറയുന്നു. നന്ദിയോട് ജൈവഗ്രാമം പദ്ധതിയാണ് കൃഷിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.