കാഞ്ഞാര്‍ വള്ളംകളി; പൊന്മുടി ചുണ്ടന് ജേതാക്കള്‍
Posted on: 07 Sep 2015
കാഞ്ഞാര്‍: കാഞ്ഞാര്‍ കൈപ്പക്കവല പൊന്‍പുലരി വായനശാലയുടെ നേതൃത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലങ്കര ജലാശയത്തില്‍ നടത്തിയ വള്ളംകളി മത്സരത്തില്‍ പൊന്മുടി ചുണ്ടന് ജേതാക്കളായി. കനത്ത മഴയെ അവഗണിച്ചും പതിന്നാല് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കാലാവസ്ഥ പ്രതികൂലമാണെങ്കിലും നൂറ് കണക്കിനാളുകളാണ് ദൂരദേശത്തുനിന്നുപോലും മത്സരം കാണാനെത്തിയത്.
നൂറ് അടിയോളം നീളമുള്ള ട്രാക്കില്‍ നാല് വീതം ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഇതില്‍നിന്നുള്ള ഒന്നാം സ്ഥാനക്കാരെ വീണ്ടും മത്സരിപ്പിച്ചാണ് ജേതാക്കളെ കണ്ടെത്തിയത്.
ശക്തമായ മഴയത്തും ആവേശത്തോടെ നടന്ന മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് പൊന്മുടി ചുണ്ടന് ജേതാക്കളായത്. ജവഹര്‍ വെള്ളത്തൂവല്‍, പൂഞ്ചിറ ചുണ്ടന്, സെന്റ് ജോര്‍ജ് കോട്ടമല എന്നീ ടീമുകള്‍ യഥാക്രമം രണ്ട് മൂന്ന് നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കഴിഞ്ഞയാഴ്ച നടത്തിയ മത്സരംവള്ളം മറിഞ്ഞതിനെ തുടര്‍ന്നും വള്ളങ്ങളുടെ എണ്ണക്കുറവും കാരണമാണ് ഞായറാഴ്ചയിലേക്ക് മത്സരം മാറ്റിയത്. എ.കെ.ശശി അറക്കുളത്തിന്റെ നേതൃത്വത്തില്‍ ഒറ്റത്തടിയില്‍ തീര്‍ത്ത കുഞ്ഞന്വള്ളം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനവും കാണികള്‍ക്കും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും കൗതുകമായി. സംഘാടകര്‍ ഇതിന് പ്രത്യേക പ്രോത്സാഹന സമ്മാനവും നല്കി.
കാര്‍ഷിക കടാശ്വാസ കമ്മീഷനംഗം പ്രൊഫ.എം.ജെ.ജേക്കബ്ബ് സമ്മാനദാനം നടത്തി. യോഗത്തില്‍ കെ.വി.സണ്ണി, പി.എം.തോമസ്, സിജു കെ.ജോസഫ്, വി.എ.നിഷാദ്, ജോബി കെ.ജോണ്‍ എന്നിവര്‍ സംസാരിച്ചു.