ആവേശം പകര്‍ന്ന് കൃഷ്ണപിള്ള സാറിന്റെ പഴയമലയാളം ക്ലാസ്
Posted on: 06 Sep 2015
നൊസ്റ്റാള്‍ജിയ 90ന്റെ രജതജൂബിലി ഒത്തൂകൂടല്
വെഞ്ഞാറമൂട്: 'ഹാ പുഷ്പമേ അധിക തുംഗ പദത്തിലെത്ര.....' എന്ന കുമാരനാശാന്റെ കാവ്യം 25 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട കൃഷ്ണപിള്ള സാറിന്റെ നാവില്‍ നിന്നും തേന്മൊഴിയായി വീണ്ടും അനുഭവപ്പെട്ടപ്പോള്‍ പഴയകുട്ടികളെല്ലാം അതില്‍ ലയിച്ചുപോയി. ഒരധ്യാപകന് കുട്ടികളില്‍ എത്രത്തോളമാണ് അലിഞ്ഞുചേരുന്നതെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ഈ ക്ലാസ്. കാലങ്ങള്‍ക്ക് ഒരിക്കലും മായ്ക്കാന്‍ കഴിയാത്തതാണ് ഗുരുശിഷ്യ ബന്ധമെന്ന പരമമായ സത്യത്തിന്റെ വിളിച്ചോതല്കൂടിയായിരുന്നു ഈ ഒത്തുകൂടല്‍.
25 വര്‍ഷം മുമ്പ് വെഞ്ഞാറമൂട് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവിദ്യാര്ത്ഥികളുടെ കൂട്ടായ്മയായ 'നൊസ്റ്റാള്‍ജിയ 90' ആണ് അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി രജത ജൂബിലി ഒത്തുകൂടല്‍ നടത്തിയത്. അന്നു സ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ പച്ചമഷികൊണ്ട് ഒപ്പിട്ട പ്രഥമാധ്യാപകന് ജ്ഞാനശീലന് സാറുള്‍പ്പെടെ 20 പൂര്‍വ ഗുരുക്കന്മാര്ക്ക് ആദരവും നല്കി.
പഴയ അധ്യാപകരുടെ ക്ലാസ്സായിരുന്നു ഒത്തുകൂടലിന്റെ ഏറ്റവും വലിയ പരിപാടിയായിരുന്നത്. മലയാളം അധ്യാപകനായ കൃഷ്ണപിള്ള സാര്‍ ആശാന്റെ വീണപൂവ് എന്ന പാഠമാണ് പുനരാവിഷ്കാരം നടത്തിയത്. സ്കൂളില്‍ മണി മുഴങ്ങി. കൂട്ടികള്‍ ഓടിക്കയറി. പഴയ ഗൗരവത്തില്‍ തന്നെ കൃഷ്ണപിള്ള സാര്‍ ക്ലാസ്സിലെത്തി. എല്ലാവരും അന്നത്തെ അതേ ബഹുമാനത്തില്‍ തന്നെ കൈകൂപ്പി നിന്നു.
ഹാജര്‍ വിളിച്ചു. തലേദിവസം വരാത്തവരെയും തലേ ദിവസത്തെ പാഠം പഠിക്കാത്തവരെയും ഒന്നുവിരട്ടി. പിന്നെ വീണപൂവിന്റെ രസത്തിലേക്ക് ക്ലാസ് ഉയര്‍ന്നു. പാഠം തുടങ്ങിയപ്പോള്‍ സാറിന്റെ ഗൗരവം മാറി പുഞ്ചിരി തൂകുന്ന മുഖമായി. ഒരു പീരിയഡ് മുഴുവന്‍ കുട്ടികള്‍ അതില്‍ ലയിച്ചുപോയി. 25 വര്‍ഷം കഴിഞ്ഞിട്ടും അണയാത്ത അധ്യാപനവീര്യം പഴയ ശിഷ്യന്മാര്ക്ക് പുതിയ അനുഭവമാണുണ്ടാക്കിയത്. ഈ പഴയ വിദ്യാര്‍ത്ഥികള്‍ പഠിക്കാനിരുന്നപ്പോള് അവരുടെ ജീവിത പങ്കാളികളും മക്കളും കാഴ്ചക്കാരായി പുറത്തുണ്ടായിരുന്നു.
നൊസ്റ്റാള്‍ജിയ 90 ന്റെ ഒത്തുകൂടല്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. ആണ് ഉദ്ഘാടനം ചെയ്തത്. ബൈജു നെല്ലനാട് അധ്യക്ഷനായി. ലോലുഷ് സത്യവ്രതന് സ്വാഗതം പറഞ്ഞു.
രമണി പി.നായര്‍, ഡി.കെ. മുരളി, റീനകുമാര്, ഗിരീഷ്, സുനില്‍കുമാര്‍, മനു, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് സ്നേഹവിരുന്ന്, കലാസപര്യ തുടങ്ങിയവയും നടന്നു. ഒത്തുകൂടലിന്റെ ഓര്‍മ്മയ്ക്കായി സ്കൂളിലേക്ക് 25 കസേരയും നൊസ്റ്റാള്‍ജിയ നല്കി.