ശ്രീകൃഷ്ണഗാഥ
Posted on: 06 Sep 2015
ആറ്റിങ്ങല്‍: മഞ്ഞപ്പട്ടും മയില്‍പ്പീലിയും ചൂടി കണ്ണുകളില്‍ കൗതുകം നിറച്ച ഉണ്ണിക്കണ്ണന്മാര് നാടും നഗരവും നിറഞ്ഞു. കണ്ണന്മാര്ക്ക് കൂട്ടായി ചേലചുറ്റിയ കുഞ്ഞു സുന്ദരികളും അണിനിരന്നതോടെ ബാലഗോകുലത്തിന്റെ ശോഭായാത്ര അനുപമമായി.
പുരാണകഥാസന്ദര്‍ഭങ്ങളുടെ ദൃശ്യാവിഷ്കാരവും നിശ്ചലദൃശ്യങ്ങളും ശോഭായാത്രയ്ക്ക് കാഴ്ചയുടെ വിസ്മയങ്ങള്‍ സമ്മാനിച്ചു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നിന്ന് തുടങ്ങിയ ശോഭായാത്രയ്ക്ക് നാട്ടില്‍ വന്‍ വരവേല്പാണ് നല്‍കിയത്.
പതിനെട്ട് കേന്ദ്രങ്ങളില്‍ നിന്ന് ആറ്റിങ്ങലില്‍ സംഗമിച്ച ശോഭായാത്രയില്‍ ആയിരത്തോളം രാധാ-കൃഷ്ണന്മാര് അണിനിരന്നു. പഞ്ചാരിയും, പഞ്ചവാദ്യവും, ചെണ്ടമേളവും, ബാന്‍ഡ് ചെണ്ടയും ചേര്‍ന്നതോടെ ശോഭായാത്ര കേള്വിയുടെകൂടി പൂരമായി. വീരളം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് യാത്ര സമാപിച്ചത്.
ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടന്നു. കൂടാതെ ഉറിയടിയുള്പ്പെടെയുള്ള ആഘോഷങ്ങളുമുണ്ടായിരുന്നു.
മേവര്‍ക്കല്‍ നിന്ന് തുടങ്ങിയ ശോഭായാത്ര പെരിങ്ങാവ് മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. ബാലഗോകുലം മുദാക്കല്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പൊയ്കമുക്ക്, ചെമ്പൂര് എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്ര നടന്നു.
പഞ്ചിയമ്മ ക്ഷേത്രം, തിപ്പട്ടിയില്‍ ക്ഷേത്രം, പാരവിളാകം ക്ഷേത്രം, കോട്ടയത്തുകോണം, മാടന്നട, ഇളമ്പ ഹൈസ്കൂള്‍, പൂവണത്തുംമൂട്, നവജ്യോതി നഗര്‍, മുട്ടോട്ട്കോണം മാടന് നട എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പൊയ്ക മുക്കില്‍ ഒത്തുചേര്‍ന്ന് ആയിരവല്ലി ക്ഷേത്രത്തിലെത്തി സമാപിച്ചു. കട്ടിയാട് മാടന്നട, ചെമ്പൂര് ആയിരവല്ലിക്ഷേത്രം, കുളത്തിന്കരക്ഷേത്രം, വെള്ളായണിക്കല്‍ ക്ഷേത്രം, പച്ചയില്‍ അപ്പൂപ്പന്‍നട, പരമേശ്വരം ശ്രീകൃഷ്ണക്ഷേത്രം, അമുന്തിരത്ത് ക്ഷേത്രം, മൂദാക്കല്‍ പാലം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ അമുന്തിരത്ത് ദേവീക്ഷേത്രത്തില്‍ സമാപിച്ചു.
നഗരൂര്‍ കടവിള പാറമുക്ക് ദേവീക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ ശോഭായാത്ര കുന്നിന് കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.
27
ആറ്റിങ്ങല്‍ നഗരത്തില്‍ നടന്ന ശോഭായാത്രയ്ക്കിടെ ഉറിയടിയില്‍ മുഴുകിയ കണ്ണന്മാര്