ചേന്നന്‍പാറ-ലക്ഷ്മി എസ്റ്റേറ്റ്-വലിയവേങ്കാട് റോഡ് മികച്ച ബദല്‍ പാത; പക്ഷേ കോണ്‍ക്രീറ്റിങ്ങിന് ഫണ്ടില്ല
Posted on: 06 Sep 2015
വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വഴി. പ്രധാന റോഡിനേക്കാള്‍ എളുപ്പമാര്‍ഗം. ആര്യനാട് പഞ്ചായത്തുകാര് പോലും ചേന്നന്പാറയിലെത്താന് ആശ്രയിക്കുന്ന ലക്ഷ്മി എസ്റ്റേറ്റ്-വലിയവേങ്കാട് റോഡിലൂടെ പക്ഷേ, വീഴാതെ സഞ്ചരിക്കണമെങ്കില്‍ പാത കോണ്‍ക്രീറ്റിങ് നടത്തിയേപറ്റൂ. 10 ലക്ഷം രൂപയനുവദിച്ചാല് ഈ പാത ഗതാഗതയോഗ്യമാക്കാന്‍ കഴിയും.
ഈ ഫണ്ടിനുവേണ്ടി ഏറെനാളായി നാട്ടുകാര്‍ ശ്രമിക്കുന്നു. ഇതുവരെ ലക്ഷ്യം കണ്ടില്ല. പൂര്‍ണമായും ഒരു വാര്‍ഡിനുള്ളില്‍ സ്ഥിതിചെയ്യാത്ത റോഡായതാണ് ഇതിന് ഒരുകാരണം. എങ്കിലും ഉത്തരവാദിത്വം കൂടുതല്‍ തൊളിക്കോട് പഞ്ചായത്തിനാണ്. ഇവിടത്തെ തോട്ടുമുക്ക് വാര്‍ഡിലാണ് പാതയുടെ ഏറ്റവും മോശം ഭാഗങ്ങള്‍. പാത ഗതാഗതയോഗ്യമാക്കാന്‍ 72 സെന്റോളം സ്ഥലം ലക്ഷ്മി എസ്റ്റേറ്റുകാര്‍ തൊളിക്കോട് പഞ്ചായത്തിന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ വിട്ടുനല്‍കുകയും ചെയ്തിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനും ഈ റോഡില്‍ തൊട്ടാണ്.
ഫണ്ടിനു വേണ്ടി ശബരീനാഥന് എം.എല്‍.എ.യെ സമീപിച്ചിട്ടുണ്ടെന്ന് വിതുര പഞ്ചായത്ത് മുന്‍ അംഗം മേമല വിജയന് പറഞ്ഞു. എം.എല്‍.എ. ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ് അറിയിച്ചു. റോഡ് കോണ്‍ക്രീറ്റിങ് യാഥാര്‍ഥ്യമാക്കുമെന്ന് തോട്ടുമുക്ക് വാര്‍ഡംഗം ശിവാനന്ദനും പറയുന്നു.