കടല്‍പോലെ കൃഷ്ണനീലം; യാത്ര ശോഭനീയം
Posted on: 06 Sep 2015
തിരുവനന്തപുരം: കൃഷ്ണവേഷമണിഞ്ഞ ബാലകന്മാര്, ഗോപികമാരായി മാറിയ ബാലികമാര്‍, പുരാണകഥകള്‍ നിറഞ്ഞുനിന്ന നിശ്ചലദൃശ്യങ്ങള്‍, കൃഷ്ണഗാഥയിലെ വരികളെ ഓര്‍മിപ്പിക്കുന്ന ഉണ്ണിക്കണ്ണന്മാരുടെ വികൃതി. കടല്‍പോലെ നിറഞ്ഞ കൃഷ്ണനീലം. ജന്മാഷ്ടമിക്ക് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയുടെ നിറച്ചാര്‍ത്തില്‍ നഗരം നീരാടി.
അരയില്‍ മഞ്ഞക്കസവുള്ള ഉടയാട, കൈയില്‍ മുളന്തണ്ട്, തലയില്‍ പീലിത്തിരുമുടി, മാറില്‍ മിന്നുന്ന അരപ്പട്ട, മേനി മുഴുവനും കണ്ണന്റെ കാര്‍നിറം. ആണ്‍കുട്ടികള്‍ ഉണ്ണിക്കണ്ണന്മാരായി നഗരവീഥിയില്‍ നിറഞ്ഞു. മഞ്ഞപ്പട്ട് പാവാടയും ദാവണിയും തലയില്‍ മേല്വസ്ത്രവുമണിഞ്ഞ പെണ്‍കുട്ടികള്‍ ഗോപികമാരായി കുണുങ്ങിനടന്നു. ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും താളത്തില്‍ അവര്‍ ചുവടൊപ്പിക്കാന് ശ്രമിച്ചു.
കുട്ടിച്ചന്തം കാണാന്‍ എം.ജി. റോഡിന്റെ ഇരുഭാഗത്തും ജനക്കൂട്ടം കാത്തുനിന്നു. ആള്‍ക്കൂട്ടം കണ്ട ആനന്ദത്തില്‍ ഉണ്ണിക്കണ്ണന്മാര് ചില്ലറ വികൃതികള്‍ക്കും മുതിര്‍ന്നു. മക്കളുടെ കളിയിലും നടത്തത്തിലും അമ്മമാരും അലിഞ്ഞു. പിടിവിട്ട് ഓടിയ കുട്ടികളെ നിയന്ത്രിക്കാന്‍ അമ്മമാര്‍ പോലീസുകാരെ കാട്ടി വിരട്ടിനോക്കി. കുട്ടിക്കളി കണ്ട് ചിരിച്ച പോലീസുകാരും ഡ്യൂട്ടിക്കിടയിലെ ക്ഷീണംമറന്നു. മൂടിക്കെട്ടിനിന്ന ആകാശം പെയ്തുമാറാതെ രണ്ടുമണിക്കൂറോളം വീര്‍പ്പുമുട്ടി കാത്തുനിന്നു.
പുരാണ കഥാനുഗായികളായ നിശ്ചലദൃശ്യങ്ങള്‍ ശോഭായാത്രയെ കമനീയമാക്കി. കാളിയന്റെ ദുര്മദശമനം, വെണ്ണ കട്ടുതിന്നുന്ന കണ്ണന്, പശുവിനെ തെളിക്കുന്ന കണ്ണന്, കംസവധം, ആലിലയില്‍ പള്ളികൊള്ളുന്ന ആരോമലുണ്ണി, ഭഗവദ് ഗീതയിലെ ദൃശ്യങ്ങള്‍ എന്നിവയും വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതുള്‍പ്പെടെ മറ്റ് സാമൂഹിക ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും നിശ്ചലദൃശ്യങ്ങളില്‍ ഇടംപിടിച്ചു.
പാളയം ഗണപതിക്ഷേത്രത്തിന് മുന്നില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കവയിത്രി സുഗതകുമാരി കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ശോഭായാത്രയ്ക്ക് നാന്ദി കുറിച്ചു. സ്നേഹത്തിന്റെയും പ്രേമത്തിന്റെയും ഭാഷയാണ് കൃഷ്ണന്റേതെന്നും ധര്‍മയുദ്ധത്തിന്റെ സംഘഗാഥയാണ് അദ്ദേഹം നടത്തിയതെന്നും സുഗതകുമാരി പറഞ്ഞു. ലാവണ്യത്തിന്റെ ദൈവീകപ്രഭാവവും ശക്തിയുമാണ് കണ്ണന്. പകയും വിദ്വേഷവും ഒഴിഞ്ഞ് ആര്‍ദ്രതയും സ്നേഹവുമുള്ള മനുഷ്യരുടെ നാടായി മാറണമെന്ന് അവര്‍ ആശംസിച്ചു.
മുന്നില്‍ കൃഷ്ണരഥം, പിന്നില്‍ പഞ്ചവാദ്യം, പാണിവിളക്ക്, ഗോകുല പതാക എന്നിവയുമായാണ് ശോഭായാത്ര ആരംഭിച്ചത്. ഇതിന് പിന്നില്‍ ഓരോ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ചെറിയ യാത്രകള്‍ സംഗമിച്ചുനീങ്ങി. എം.ജി. റോഡിലൂടെ പുത്തരിക്കണ്ടത്ത് ശോഭായാത്ര എത്തിയപ്പോള്‍ അവിടെ സജ്ജീകരിച്ച അമ്പാടിയിലെ കൃഷ്ണവിഗ്രഹത്തില്‍ തൃക്കൈ വെണ്ണ സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നിന്നെത്തിച്ച അവില്‍പ്പൊതി വിതരണം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധസ്ഥലങ്ങളില്‍ ഉറിയടിയും നടത്തി.
ബാലഗോകുലം ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ. പി. ബാബുരാജ് കൃഷ്ണജയന്തി സന്ദേശം നല്കി. കുമ്മനം രാജശേഖരന്, ബാലഗോകുലം ഭാരവാഹികളായ സി.പി. നായര്‍, കെ.വി. രാധാകൃഷ്ണന്, കെ. സുനില്‍, കെ.എ. രാജന് എന്നിവര്‍ പങ്കെടുത്തു. ആര്.എസ്.എസ്. ഭാരവാഹികളായ കിരണ്‍, പി. സുധാകരന്, അഡ്വ. പി. മനോഹരന്, ബി.ജെ. പി. നേതാക്കളായ അഡ്വ. സുരേഷ്, വി.വി. രാജേഷ്, അശോക് കുമാര്‍, രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.