40 ലക്ഷത്തിന്റെ സ്വര്‍ണക്കട്ടികള്‍ പിടികൂടി
Posted on: 06 Sep 2015
തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട
തിരുവനന്തപുരം : നാല്പതുലക്ഷം രൂപയുടെ സ്വര്‍ണവുമായി വിമാനയാത്രക്കാരന് പിടിയില്‍. കര്‍ണാടക സ്വദേശി സെയ്യദ് തഷ്വീര്ക് അബ്ബാസിനെ (30) ആണ് ഒന്നരക്കിലോയുടെ നാല് സ്വര്ണബിസ്ക്കറ്റുകളുമായി റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് മാലിയില്‍നിന്ന് തിരുവനന്തപുരത്തെത്തി പിന്നീട് ചെന്നൈയിലേക്ക് പോകുന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
റവന്യു ഇന്റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് വിമാനമെത്തിയ ഉടന്‍തന്നെ ഇയാളെ വിമാനത്തിനുള്ളില്‍ നിന്ന് പിടികൂടുകയായിരുന്നു. കാലിന്റെ മുട്ടില്‍ ഇട്ടിരുന്ന കാലുറയില്‍ ഒരുകിലോയുടെയും അരക്കിലോയുടെയും സ്വര്‍ണക്കട്ടികള്‍ നാല് കഷണങ്ങളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ബാങ്കോങ്ങില്‍ നിന്ന് വാങ്ങിയതാണ് സ്വര്‍ണക്കട്ടികള്‍.
റവന്യു ഇന്റലിജന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് ഇയാളെ ചോദ്യംചെയ്തുവരുന്നു. കഴിഞ്ഞയാഴ്ച ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് റവന്യു ഇന്റലിജന്‍സ് ഉടമസ്ഥനില്ലാത്ത രണ്ടേകാല്‍ കോടിയുടെ സ്വര്‍ണ ബാറുകള്‍ പിടികൂടിയിരുന്നു.