ജനപ്രതിനിധികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നത് കേരളത്തില്‍ മാത്രം - ഗവര്‍ണര്‍
Posted on: 05 Sep 2015
നെടുമങ്ങാട്: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് ജനപ്രതിനിധികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഏത് ഉന്നതന് പങ്കെടുക്കുന്ന പരിപാടിയിലും പഞ്ചായത്ത് മെമ്പര്‍മാര്‍, പ്രസിഡന്റ് എന്നിവര്‍ക്ക് വേദിയിലിരിക്കാനുള്ള അവകാശം കേരളത്തില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ പൊതുപരിപാടികളില്‍ എം.എല്‍.എ., എം.പി., മന്ത്രിമാര്‍ എന്നിവരാണ് വേദിയിലുണ്ടാവുക. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നത് ഇവിടത്തെ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ മാസം നടന്ന ഗവര്‍ണര്‍മാരുടെ യോഗത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനത്തെക്കുറിച്ച് താന്‍ സംസാരിച്ചപ്പോള്‍ പല ഗവര്‍ണര്‍മാരും സംശയം പ്രകടിപ്പിച്ചു. യോഗത്തിന്റെ വിശ്രമവേളയില്‍ പല ഗവര്‍ണര്‍മാരും കുടുംബശ്രീയെക്കുറിച്ച് കൂടുതല്‍ ചോദിച്ച് മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് നഗരസഭ നിര്‍മാണം പൂര്‍ത്തിയാക്കിയ ടൗണ്‍ഹാള്‍ കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
നെടുമങ്ങാട് ആര്.ഡി.ഒ. ഓഫീസും വേളി-വലിയമല റെയില്‍വേ ലൈനും വേണമെന്ന ആവശ്യം സംബന്ധിച്ച് കിട്ടിയ നിവേദനം സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പാലോട് രവി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. എ.സമ്പത്ത് എം.പി. മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍ പേഴ്സണ്‍ ലേഖ സുരേഷ് സ്വഗതവും വൈസ് ചെയര്മാന് പി.എസ്.ഷെരീഫ് നന്ദിയും പറഞ്ഞു. നഗരസഭ സെക്രട്ടറി എസ്.ജഹാംഗീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എസ്.രവീന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഏഴരക്കോടി രൂപയ്ക്കാണ് നഗരസഭ ടൗണ്‍ ഹാള്‍, ഷോപ്പിങ് കോംപ്ലക്സ്, നഗരസഭ സെക്രട്ടറി, മുന്‍സിപ്പല്‍ എന്‍ജിനിയര്‍ എന്നിവര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവിലെ കൗണ്‍സില്‍ അഞ്ചരക്കോടി രൂപ വായ്പയും രണ്ടുകോടി രൂപ പ്ലൂന്‍ ഫണ്ടും വിനിയോഗിച്ച് 650 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, 150 പേര്‍ക്ക് ഇരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, 65 കടമുറികള്‍, രണ്ട് ക്വാര്‍ട്ടേഴ്സ് എന്നിവ ഉള്‍പ്പെടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂടാതെ നാല്പതിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിങ് യാര്‍ഡും നിര്‍മിച്ചു.