കാട്ടാക്കടയിലെ കോടതിമന്ദിരം: പണി ഉടന്‍ തുടങ്ങാന്‍ മരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം
Posted on: 05 Sep 2015
കാട്ടാക്കട: കാട്ടാക്കടയിലെ കോടതിമന്ദിരം പണി ഉടന്‍ തുടങ്ങണമെന്ന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്കി. കാട്ടാക്കട ബാര്‍ അസോസിയേഷന് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കാട്ടാക്കടയില്‍ കോടതിക്കായി കെട്ടിടം പണിയാന്‍ പല തവണ ടെണ്ടര്‍, ക്വട്ടേഷന്‍ നടപടികള്‍ നടത്തിയിട്ടും ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്താന്‍ ഉത്തരവിന് വേണ്ടിയായിരുന്നു കോടതിയെ സമീപിച്ചതെന്ന് പ്രസിഡന്റ് സുകുമാരപ്പണിക്കരും സെക്രട്ടറി ബാലചന്ദ്രന് നായരും പറഞ്ഞു. വിചാരണ നടക്കവേ പുതുക്കിയ നിരക്കില്‍ പണി പുനര്‍ദര്‍ഘാസ് നടത്താമെന്നും പണി രണ്ട് മാസത്തിനകം ആരംഭിക്കാമെന്നും പി.ഡബ്ല്യു.ഡി. കോടതിയെ രേഖാമൂലം അറിയിച്ചു.
കേസില്‍ പൊതുമരാമത്തിന് പുറമെ നേരത്തെ കരാര്‍ ഏറ്റെടുക്കുകയും പിന്നീട് തുക കുറവായതിനാല്‍ പിന്മാറുകയും ചെയ്ത കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും എതിര് കക്ഷികള്‍ ആയിരുന്നു. മതിയായ തുക അനുവദിച്ചാല്‍ പണി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോര്‍പ്പറേഷനും കോടതിയെ അറിയിച്ചിരുന്നതായി ബാര്‍ അസോസിയേഷന് പറഞ്ഞു.