അധ്യാപക പുരസ്കാര നേട്ടത്തിന്റെ ഇരട്ടിമധുരവുമായി കുളത്തൂര്‍ വി.എച്ച്.എസ്.എസ്.
Posted on: 05 Sep 2015
ഇന്ന് അധ്യാപകദിനം
നെയ്യാറ്റിന്‍കര: നൂറ്റിയന്പതാം വാര്‍ഷികം ആഘോഷിക്കുന്ന കുളത്തൂര്‍ ഗവ. വി.എച്ച്.എസ്.എസ്സിന് ഈ അധ്യാപക ദിനം ഇരട്ടി മധുരമാണ് നല്‍കുന്നത്. സ്കൂളില്‍ നിന്ന് രണ്ട് അധ്യാപകര്‍ക്ക് ഈ വര്‍ഷം സംസ്ഥാന അധ്യാപക പുരസ്കാരം ലഭിച്ചതാണ് സ്കൂളിന്റെ അഭിമാനം വര്‍ധിപ്പിച്ചത്.
ഈ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ എ.കെ.സുരേഷ്കുമാര്‍, ഹൈസ്കൂള്‍ അധ്യാപകനായ വൈ.ബേബി എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക പുരസ്കാരം ലഭിച്ചിത്. ഇരുവരും അധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിന് കാഞ്ഞാങ്ങാട്വെച്ച് വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
എ.കെ.സുരേഷ്കുമാറിന് ഈ പുരസ്കാര നേട്ടം ഇരട്ടി മധുരമാണ്. 2012-ലെ ദേശീയ അധ്യാപക പുരസ്കാരത്തിന് പിന്നാലെയാണ് ഇപ്പോള്‍ 2015-ലെ സംസ്ഥാന പുരസ്കാരവും സുരേഷ്കുമാറിനെ തേടി എത്തുന്നത്. ഇരുപത്തിനാല് വര്‍ഷമായി അധ്യാപന രംഗത്തുള്ള സുരേഷ്കുമാര്‍ 2010 മുതലാണ് കുളത്തൂര്‍ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പലാകുന്നത്.
2012-ലെ രാഷ്ട്രീയ ശിക്ഷരത്തന് പുരസ്കാരം, മികച്ച പി.ടി.എ. പുരസ്കാരം, സാമൂഹിക വനവത്കരണ പുരസ്കാരം, സിറ്റിസണ്‍സ് കണ്‍സര്‍വേറ്റര്‍ പുരസ്കാരം എന്നിവ സുരേഷ്കുമാറിനെ തേടി എത്തിയിട്ടുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് സുരേഷ്കുമാറിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്‍കിയിരിക്കുന്നത്. കുളത്തൂര്‍ സ്കൂളിന്റെ സമഗ്രവികസന പ്രവര്‍ത്തനങ്ങളിലും സുരേഷ്കുമാര്‍ പങ്കാളിയാണ്.
പാറശ്ശാല, കൊടവിളാകം മാനസമയൂരത്തിലാണ് താമസം. ഭാര്യ ഡി.അബിജ വ്ലൂത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളിലെ അധ്യാപികയാണ്. മക്കളായ മാനസയും മയൂരിയും വിദ്യാര്‍ഥികളാണ്.
വൈ.ബേബി ഇരുപത്തിയൊന്നു വര്‍ഷമായി അധ്യാപന രംഗത്തുണ്ട്. കുളത്തൂര്‍ സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് കൂടിയായ ബേബി സ്കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് രൂപവത്കരിച്ചു. ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ മറ്റു സ്കൂളുകള്‍ക്ക് മാതൃകയായി സാന്ത്വനപരിചരണ വിഭാഗം തുടങ്ങാന്‍ ബേബിക്കായി. കുളത്തൂര്‍, കാരോട് പഞ്ചായത്തുകളിലെ സാന്ത്വന ചികിത്സ വേണ്ടിവരുന്നവരെ കണ്ടെത്തി അവര്‍ക്ക് വീട്ടിലെത്തി കുട്ടികളെകൊണ്ട് സാന്ത്വന പരിചരണം നല്കാന് കഴിഞ്ഞിട്ടുണ്ട്.
സ്കൂളിലെ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍, എക്കോ ക്ലബ്, സാംസ്കാരിക വിഭാഗം എന്നിവയുടെ കണ്വീനരാണ് ബേബി. എനര്‍ജി ക്ലബ്, സൈബര്‍ശ്രീ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സോഷ്യല്‍സയന്‍സ് വിഷയമാണ് പ്രധാനമായും കൗകാര്യം ചെയ്യുന്നതെങ്കിലും ഹിന്ദി, ഇംഗ്ലീഷ്, ചരിത്രം, ജ്യോഗ്രഫി, ഐ.ടി. എന്നീ വിഷയങ്ങളിലും ബേബി ക്ലാസ് എടുക്കുന്നുണ്ട്.
കുളത്തൂര്‍ വിരാലി എസ്.ബി. ഭവനിലാണ് താമസം. വീട്ടമ്മയായ ബെറ്റിയാണ് ബേബിയുടെ ഭാര്യ. സജിനി, ബിന്നി, അനിഷ എന്നിവര്‍ മക്കളാണ്.