സഹോദരനെ കൊന്ന സംഭവം; ദുരൂഹതയേറുന്നു
Posted on: 05 Sep 2015
പോലീസ് ഉദ്യോഗസ്ഥന്റെ കാറിനെക്കുറിച്ചും വ്യക്തതയില്ല
വിഴിഞ്ഞം: സഹോദരനെ കൊന്ന് ചാക്കില്‍കെട്ടി കടലില്‍ താഴ്ത്തിയ കേസില്‍ പൊരുത്തക്കേടുകള്‍ പരിഹരിക്കാനുള്ള ശ്രമവുമായി പോലീസ്. കൊല നടത്തിയത് കോവളത്തെ റിസോര്‍ട്ടില്‍ വെച്ചാണെന്നും മൃതദേഹം കടലില്‍ തള്ളാന്‍ കൊണ്ടുപോയത് പോലീസ് ഉദ്യോഗസ്ഥന്റെ ആഡംബര കാറിലാണെന്നും തെളിഞ്ഞെങ്കിലും കേസില്‍ പ്രതി നല്കിയ മൊഴിയിലുള്ള അവ്യക്തത ദുരൂഹതകള്‍ അവശേഷിപ്പിച്ചിരിക്കുകയാണ്.
ഇത് എങ്ങനെ പരിഹരിക്കാം എന്ന സംശയത്തിലാണ് വിഴിഞ്ഞം പോലീസ്. കൂട്ടുപ്രതിയായ ആരോഗ്യദാസിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഷാജി കൊല്ലപ്പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി ആരോഗ്യദാസ് വിദേശത്ത് കടന്നതായി സംശയം ഉണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല
കേസിലെ പ്രതി സതീഷിന് പങ്കാളിത്തമുള്ള പൂവാറിലെ ബോട്ട് ക്ലബ്ബില്‍ െവച്ച് ഗൂഢാലോചന നടന്നുവെന്ന് പോലീസ് പറയുമ്പോള്‍ അതില്‍ കൂട്ടുപ്രതി ആരോഗ്യദാസും ഇയാളും മാത്രമേ പങ്കെടുത്തുള്ളൂ എന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്. വിഴിഞ്ഞം സ്വദേശികളായ ഇവര്‍ രണ്ടുപേരും ഇത്ര അകലെപ്പോയി ഗൂഢാലോചന നടത്തേണ്ട സാഹചര്യം എന്താണെന്നും വെളിപ്പെടേണ്ടതുണ്ട്.
സതീഷ് പൂവാര്‍ പോലീസിന്റെ പിടിയിലാകുമ്പോള്‍ ഇയാള്‍ക്ക് പുറമെ വിഴിഞ്ഞം സ്വദേശിയടക്കം മറ്റു മൂന്നുപേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം പോലീസിന്റെ ഭാഗത്തുനിന്ന് അന്നുതന്നെ ഉയര്‍ന്നിരുന്നു. അത് ഏറെക്കുറെ സാധൂകരിക്കുന്ന നിലയിലാണ് കഴിഞ്ഞദിവസം തുടരന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയ വിഴിഞ്ഞം സ്വദേശി ആരോഗ്യദാസിന് കേസിലുള്ള പങ്കാളിത്തം.
മൃതദേഹം കടലില്‍ തള്ളാന്‍ ഉപയോഗിച്ച ആഡംബര കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ഏതാണ്ട് നിലച്ച മട്ടാണ്. ആഡംബരകാര്‍ സതീഷ് വാടകയ്ക്ക് സംഘടിപ്പിച്ചതാണെന്നും പൂവാറിലെ ഒരു വര്‍ക്ക്ഷോപ്പില്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിച്ചപ്പോള്‍ വര്‍ക്ക് ഷോപ്പുകാരന് ഇയാള്‍ക്ക് കാര്‍ വാടകയ്ക്ക് നല്കി എന്നുമുള്ള വൈരുദ്ധ്യം നിറഞ്ഞ സംശയങ്ങളില്‍ ഊന്നിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് ഇപ്പോഴത്തെ സൂചന.
മണല്‍ക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സതീഷിന്റെ ഉന്നതബന്ധം കേസില്‍ പല തരത്തിലുള്ള അട്ടിമറികള്‍ക്ക് ഇനിയും ഇടയാക്കിയേക്കാമെന്ന സംശയം നാട്ടുകാര്‍ക്കിടയിലും ഉണ്ട്.