പോലീസ് തികയുന്നില്ല വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക്: ട്രാഫിക് യൂണിറ്റ് ഫലപ്രദമാകും
Posted on: 04 Sep 2015
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗത കുരുക്കഴിക്കാന്‍ നിലവിലുള്ള പോലീസ് തികയുന്നില്ല. പകരമായി വെഞ്ഞാറമൂട് സ്റ്റേഷനില്‍ ട്രാഫിക് യൂണിറ്റ് അനുവദിക്കണമെന്ന് ആവശ്യം.
വെഞ്ഞാറമൂട് സ്റ്റേഷനിലെ പോലീസിന്റെ കഠിനപരിശ്രമത്തിന്റെ ഫലമായാണ് വെഞ്ഞാറമൂട് കവലയിലെ ഗതാഗതക്കുരുക്കിന് ഇത്രയെങ്കിലും ആശ്വാസമുണ്ടാക്കാന്‍ കഴിയുന്നത്. നിലവിലുള്ള പോലീസ് അംഗസംഖ്യ മുപ്പതില്‍ താഴെയാണ്. ഇതില്‍ നിന്നാണ് സ്റ്റേഷന് ഡ്യൂട്ടി, പാറാവ്, കോടതി, കേസ് അന്വേഷണം ഇവയെല്ലാത്തിനും ഡ്യൂട്ടി നിശ്ചയിക്കുന്നത്. ഇതിനുപുറമെ സംസ്ഥാനപാതയില്കൂടി പോകുന്ന മന്ത്രിമാര്‍ക്ക് വട്ടപ്പാറ സ്റ്റേഷന് അതിര്‍ത്തി മുതല്‍ കിളിമാനൂര്‍ വരെ പൈലറ്റ് പോകാനും പോലീസ് വേണം. ഇത്രയും തിരക്കുകള്ക്കിടയില്നിന്നുമാണ് വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസിനെ ഉപയോഗിക്കുന്നത്.
സ്കൂള്‍ ഗേറ്റ്, കവല, ആറ്റിങ്ങല്‍ റോഡ്, കിഴക്കേറോഡ്, ട്രാന്‍സ്പോര്‍ട്ട് ബസ്സിറങ്ങി വരുന്ന സ്ഥലം എന്നിവിടങ്ങളിലായി ആറുപോലീസുകാരെ വരെയാണ് ഇപ്പോള്‍ ഡ്യൂട്ടിക്കിടുന്നത്. ഇതില്‍ വലിയ തിരക്കുള്ളപ്പോള്‍ സി.ഐ.യും എസ്.ഐ.യും വരെ ട്രാഫിക് നിയന്ത്രിക്കാന്‍ എത്തുകയാണ്. ഈ പോലീസ് സംവിധാനം മുഴുവനും ട്രാഫിക്കിനുവേണ്ടി ഉപയോഗിക്കേണ്ടിവരുമ്പോള്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ മണിക്കൂറുകളോളം ഇവിടെ കാത്തുനില്‍ക്കേണ്ടിവരുന്നു. അതുപോലെ പ്രധാനപ്പെട്ട പല കേസുകളുടെ അന്വേഷണവും കാലതാമസമുണ്ടാക്കുന്നു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് വെഞ്ഞാറമൂട്ടില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ക്യാമ്പില്‍ നിന്ന് പത്തുപോലീസുകാരെ അധികമായി നിയമിച്ചിരുന്നു. കൂടാതെ സ്റ്റേഷനിലെ വലിയൊരു സംഘം പോലീസുകാരെയും മറ്റ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഗതാഗതനിയന്ത്രണത്തിനായി ഉപയോഗിച്ചു. ഓണം കഴിഞ്ഞ് അവര്‍ മടങ്ങിപ്പോയപ്പോള്‍ വീണ്ടും പഴയ ഗതാഗതക്കുരുക്കിലേക്ക് തന്നെ കവലയെത്തി. അത്രയ്ക്ക് വലുതാണ് വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക്. അന്യ ജില്ലകളില്‍ നിന്ന് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് വരെ ഏറെ സമയമാണ് ഇവിടത്തെ കുരുക്കില്‍പ്പെട്ട് കിടക്കുന്നത്. ഈ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലീസ് സേവനം തന്നെ വേണം.
ഇവിടത്തെ ഗതാഗത പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ ട്രാഫിക് യൂണിറ്റ് തന്നെ വേണം. വെഞ്ഞാറമൂട്ടില്‍ ട്രാഫിക് യൂണിറ്റ് അനുവദിച്ചാല്‍ വെമ്പായം, വാമനപുരം എന്നിവിടങ്ങളിലും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് സേവനം കൃത്യമായി കൊടുക്കാന്‍ കഴിയും.
വെഞ്ഞാറമൂട്ടില്‍ ട്രാഫിക് യൂണിറ്റ് അനുവദിക്കാന്വേണ്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമന് നായര്‍, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹി പൂരം ഷാജഹാന് എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇവര്‍ക്ക് അറിയിപ്പ് കിട്ടിയിട്ട് മാസങ്ങളായെങ്കിലും അതിന് ഒരു പരിഹാരമായിട്ടില്ല.
വെഞ്ഞാറമൂട് പോലീസില്‍ നിന്ന് ഇവിടെ ട്രാഫിക് യൂണിറ്റ് വേണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് രണ്ടുവര്‍ഷംമുമ്പ് തന്നെ നല്‍കിയെങ്കിലും അതിന് തുടര്‍ നടപടിയുണ്ടായിട്ടില്ല.
ശബരിമല മണ്ഡലകാലത്തിനുമുമ്പ് തന്നെ വെഞ്ഞാറമൂട്ടില്‍ ട്രാഫിക് യൂണിറ്റ് അനുവദിക്കണമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകളും കൂട്ടായ്മകളും ആവശ്യപ്പെടുന്നത്.