പാലസ്റോഡില്‍ നടപ്പാത നിര്‍മാണം: നടപടികള്‍ ഇഴയുന്നു
Posted on: 04 Sep 2015
ആറ്റിങ്ങല്‍ : വാഹനത്തിരക്കേറെയുള്ള ആറ്റിങ്ങല്‍ പാലസ്റോഡില്‍ നടപ്പാതയില്ലാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നടപ്പാത നിര്‍മിക്കാന്‍ തുക അനുവദിച്ചിട്ടും നടപടികള്‍ നീണ്ടുപോകുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വീതികുറഞ്ഞറോഡില് നിരനിരയായി വാഹനങ്ങള്‍ വരുന്നത് നിമിത്തം വശങ്ങളിലൊതുങ്ങി നടക്കാന്‍ കഴിയാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. സ്കൂള്കുട്ടികളുള്പ്പെടെ ആയിരക്കണക്കിനാളുകളാണ് ദിവസവും ഈ റോഡിലൂടെ നടന്ന് നീങ്ങുന്നത്. ഇവര്‍ അപകടഭീതിയിലാണ്. ടൗണിലെ പ്രധാന വണ്‍വേയാണ് പാലസ്റോഡ്. കിഴക്കേനാലുമുക്കില്‍ നിന്ന് ഗവ. ജി.എച്ച്.എസ്.എസ്. ജങ്ഷന് വരെയുള്ളഭാഗമാണ് വണ്‍വേ. തിരുവനന്തപുരത്ത് നിന്ന് കൊല്ലംഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളുള്‍പ്പെടെ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. കിഴക്കേ നാലുമുക്കില്‍ നിന്ന് പാലസ് റോഡില്‍ കയറുന്ന വാഹനങ്ങള്‍ ടൗണ്‍ യു.പി.എസ്. ജങ്ഷനിലെത്തി വീരളം റോഡ് വഴി ചിറയിന്‍കീഴ് റോഡിലെത്തി ദേശീയപാതയിലിറങ്ങിയാണ് പോകുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ എല്ലായിടത്തും ഓടയില്ല. അമ്മന്‍കോവിലിന് സമീപം റോഡിന്റെ വശത്തെ മണ്ണൊലിച്ച്പോയി വന്കുഴിയായിത് ഇപ്പോള്‍ നികത്തിയിട്ടുണ്ട്. പലയിടത്തും റോഡില്കയറിവേണം നടക്കാന്‍. വണ്‍വേയാണെങ്കിലും ചില വാഹനങ്ങള്‍ വണ്വേതെറ്റിച്ച് കയറിവരുന്നത് വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. ഗവ. ജി.എച്ച്.എസ്.എസ്., ടൗണ്‍ യു.പി.എസ്.ഡയറ്റ്, എന്നീ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഈ റോഡിലൂടെയാണ് പോകുന്നത്. ഇരുപതോളം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എസ്.സി. പരിശീലനകേന്ദ്രങ്ങളും ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നത്.
യാത്രക്കാര്‍ക്ക് പേടികൂടാതെ യാത്രചെയ്യാനുള്ള അവസരമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ബി.സത്യന് എം.എല്‍.എ. ഇടപെടുകയും റോഡില്‍ നടപ്പാത നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ നടപടികള്‍ നീണ്ടുപോവുകയാണ്. ഇതിനിടെ ടൗണ്‍ യു.പി.എസ്. ജങ്ഷനില്‍ നിന്ന് ഗേള്‍സ് ഹൈസ്കൂള്‍ ജങ്ഷനിലേക്കുള്ള റോഡില്‍ ഓട നിര്‍മാണം നടത്തുകയും ചെയ്തു. എന്നാല്‍ ഓടയും നടപ്പാതയും അവശ്യം വേണ്ട ഭാഗത്ത് ഇവ നിര്‍മിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പ്രധാന ആരോപണം.