പൂവമ്പാറ പാലത്തിന്റെ കൈവരി പൊളിഞ്ഞ് വീഴുന്നു
Posted on: 04 Sep 2015
ആറ്റിങ്ങല്‍: പൂവമ്പാറ പാലത്തിന്റെ കൈവരിയിലെ സിമന്റ് പാളികള്‍ പൊളിഞ്ഞ് വീഴുന്നു. നന്നാക്കാന്‍ നടപടികളില്ല. കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസത്തില്‍ പാലത്തിന്റെ കിഴക്കു വശത്തെ കൈവരി ഒരു കാറിടിച്ച് തകര്‍ന്നിരുന്നു. അധികൃതര്‍ ഈ ഭാഗത്തെ കൈവരി മാത്രം നന്നാക്കി. മറുവശത്തെ കൈവരിയില്‍ പൊളിഞ്ഞിളകിയ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും തയ്യാറായിട്ടില്ല. തകര്‍ന്ന കൈവരി ഇപ്പോള്‍ യാത്രക്കാര്‍ക്ക് വന്‍ ഭീഷണിയായിട്ടുണ്ട്.
പാലത്തിന്റെ കൈവരികള്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. കോണ്ക്രീറ്റ്കാലുകള് നിര്‍ത്തി അതില്‍ ബീമുകള്‍ ഉറപ്പിച്ചാണ് കൈവരി നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികള്‍ പോലുമില്ല. കോണ്‍ക്രീറ്റ് പൊളിഞ്ഞ് വീഴാന്തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തകര്‍ന്നുകൊണ്ടിരിക്കുന്ന കൈവരി വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയണെന്നും അതിനാല്‍ കൈവരി നന്നാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്,
ആറിന്റെ രണ്ട് കരയിലും ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളില്‍ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ ധാരാളമാളുകള്‍ ദിവസവും പോകുന്നുണ്ട്. പാലത്തിലൂടെ നടന്നാണ് ഇവര്‍ ക്ഷേത്രത്തിലെത്തുന്നത്. തകര്‍ന്ന സ്ലാബുകളും കൈവരികളും ഈ യാത്രക്കാര്‍ക്ക് വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. ഏതെങ്കിലും വാഹനം മുട്ടാനിടയായാല് കൈവരിയപ്പാടെ തകര്‍ന്നു വീഴുമെന്ന നിലയിലാണ്. ഇത് വന്‍ അപകടത്തിനിടയാക്കുമെന്നും യാത്രക്കാര്‍ പറയുന്നു.