ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു
Posted on: 04 Sep 2015
തിരുവനന്തപുരം: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 162-ാമത് ജയന്തി താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ചട്ടമ്പിസ്വാമിക്ക് പ്രണാമം അര്‍പ്പിച്ച് കമനീയമായ ശോഭായാത്രയോടെയാണ് ആഘോഷം നടന്നത്.
പാളയം ആശാന് സ്ക്വയറില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച ശോഭായാത്രയില്‍ യൂണിയന് കീഴിലെ 170 കരയോഗങ്ങളില്‍ നിന്ന് വനിതകളടക്കമുള്ളവര്‍ പങ്കെടുത്തു. ആചാര്യസ്തുതിയോടെ നീങ്ങിയ വാഹനത്തിന് ചെണ്ടമേളം, പഞ്ചവാദ്യം എന്നിവ അകമ്പടിയായി. പിന്നില്‍ ഓരോ കരയോഗത്തെയും പ്രതിനിധീകരിച്ച് വനിതകളും പുരുഷന്മാരും നീങ്ങി.
എം.ജി. റോഡിലൂടെ പഴവങ്ങാടിയിലേക്ക് നീങ്ങിയ ശോഭായാത്ര കോട്ടയ്ക്കകത്തെ കരയോഗം യൂണിയന് ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് ചട്ടമ്പിസ്വാമി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടന്നു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന് പ്രസിഡന്റ് എം.സംഗീത്കുമാര്‍, വൈസ് പ്രസിഡന്റ് എം.വിനോദ്കുമാര്‍, സെക്രട്ടറി ടി.എസ്.നാരായണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി. യൂണിയന് അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍, താലൂക്ക് വനിതാ യൂണിയന് പ്രതിനിധികള്‍, വനിതാ സമാജം അംഗങ്ങള്‍ എന്നിവര്‍ ശോഭായാത്രയിലും ആഘോഷത്തിലും പങ്കെടുത്തു.