ശ്രീപദ്മനാഭന് ഇനി കനകസ്വരൂപന്
Posted on: 04 Sep 2015
കടുശര്‍ക്കരയോഗ ലേപനജോലികള് തുടങ്ങി
തിരുവനന്തപുരം: കടുശര്‍ക്കരയോഗ പ്രതിഷ്ഠയുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മൂലവിഗ്രഹത്തിലെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചു. വിഗ്രഹത്തിന്റെ പുറത്ത് കരിപുരണ്ട് ദൃശ്യയോഗ്യമല്ലാതിരുന്ന തങ്ക മേലങ്കി ഇതിനായി മാറ്റി. വിഗ്രഹത്തിലെ നേരിയ പൊട്ടലുകള്‍ നന്നാക്കിയ ശേഷം തങ്ക അങ്കി പൂര്‍വസ്ഥാനത്ത് പ്രതിഷ്ഠിക്കും. ഒരുമാസം നീളുന്ന ജോലികള്‍ക്ക് ശേഷം ശ്രീപദ്മനാഭനെ വീണ്ടും കനകസ്വരൂപനായി കാണാം.
2001 ലാണ് മുന്‍പ് പൂര്‍ണതോതില്‍ വിഗ്രഹത്തിലെ ജീര്‍ണോദ്ധാരണ പണികള്‍ നടത്തിയത്. ശയനമൂര്‍ത്തി വിഗ്രഹത്തില്‍ അന്ന് കടുശര്ക്കരയോഗക്കൂട്ട് തേയ്ക്കുമ്പോഴാണ് കനകസ്വരൂപം കണ്ടെത്തിയത്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത്യപൂര്‍വമായ ഔഷധക്കൂട്ടുകള്‍ കൊണ്ട് തയ്യാറാക്കിയതാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശായിയുടെ പ്രതിഷ്ഠ.
കാലാവസ്ഥാ വ്യതിയാനം മൂലം വിഗ്രഹത്തില്‍ നേരിയ വിള്ളല്‍ ഉണ്ടാകാറുണ്ട്. വിഗ്രഹത്തിന്റെ കാലിലും അനന്തന്റെ പത്തിയിലുമാണ് വിള്ളലുകള്‍ കണ്ടെത്തിയത്. 2012-ല്‍ ചെറിയതോതില്‍ വിള്ളലുകളില്‍ ഔഷധക്കൂട്ടിന്റെ ലേപനം നടത്തിയിരുന്നു. ഇപ്പോള്‍ പൂര്‍ണമായ ജീര്ണോദ്ധാരണമാണ് നടത്തുന്നത്.
വിഗ്രഹത്തില്‍ നിന്ന് മാറ്റിയ സ്വര്‍ണ അങ്കിയിലെ കൊളുത്തുകളും മറ്റും തകര്‍ന്നിട്ടുണ്ട്. അങ്കിയിലെ അറ്റകുറ്റപ്പണികള്‍ മുത്തുകൃഷ്ണന് ആശാരി എന്ന സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുകയാണ്. എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, നമ്പി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രത്തിനുള്ളില്‍ പകല്‍നേരത്ത് ജോലികള്‍ നടത്തുന്നത്. മൂന്നുദിവസത്തോളം ഈ ജോലി തുടരും. ക്ഷേത്രത്തിനുള്ളില്‍ തയ്യാറാക്കുന്ന കടുശര്ക്കരയോഗക്കൂട്ട് തുടര്‍ന്ന് വിഗ്രഹത്തില്‍ പൂശി കേടുപാടുകള്‍ തീര്‍ക്കും. നിരവധി ഔഷധങ്ങളും വിവിധതരം മണ്ണും ചേര്‍ത്താണ് കൂട്ട് തയ്യാറാക്കുന്നത്. ശുചീന്ദ്രം ക്ഷേത്രത്തിലെ നിത്യകാര്യ യോഗസ്ഥാനിയും കാണിപ്പയ്യൂരിന്റെ ശിഷ്യനുമായ തെക്കുമണ്മഠം പ്രദീപന് നമ്പൂതിരിയാണ് വിഗ്രഹത്തിന്റെ പുനരുദ്ധാരണ ജോലികള്‍ താന്ത്രികവിധി പ്രകാരം ചെയ്യുന്നത്.
ക്ഷേത്രതന്ത്രി തരണനല്ലൂര്‍ നെടുമ്പള്ളി സതീശന് നമ്പൂതിരി, കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരി എന്നിവരുടെ മേല്‍നോട്ടം ഇതിനുണ്ടാകും. നവീകരണം പൂര്‍ത്തിയായ ശേഷം പുതുക്കിയ തങ്ക മേലങ്കി വിഗ്രഹത്തില്‍ അണിയിക്കുമ്പോള്‍ ദര്ശനശോഭ വര്‍ധിക്കും. വളരെ സങ്കീര്‍ണമായ നവീകരണപ്രക്രിയയ്ക്ക് ജൂണ്‍ 15ന് തുടക്കം കുറിച്ചിരുന്നു.
ഒക്ടോബര്‍ അഞ്ചിന് മുന്‍പ് ജോലികള്‍ പൂര്‍ണമാകുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് കലശം നടത്തും. ഒക്ടോബര്‍ 13നാണ് ക്ഷേത്രത്തിലെ അല്പശി ഉത്സവം തുടങ്ങുന്നത്.