സഹോദരനെ കൊന്ന കേസില്‍ പ്രതിയെ നുണപരിശോധന നടത്തും
Posted on: 03 Sep 2015
വിഴിഞ്ഞം: സഹോദരനെ കൊന്ന് കടലില്‍ തള്ളിയ കേസില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്. മുല്ലൂര്‍ സ്വദേശി ഷാജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സതീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ച വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ ചോദ്യം ചെയ്യലിന് പോലീസുമായി സഹകരിച്ചിരുന്നില്ല. അതുകൊണ്ട് പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയില്‍ അപേക്ഷ നല്കുന്ന കാര്യം ആലോചിക്കുമെന്ന് വിഴിഞ്ഞം സി.ഐ. പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോലീസ് അന്വേഷണം ഒറ്റയാളില്‍ മാത്രം കേന്ദ്രീകരിച്ച് നീങ്ങുകയാണെന്ന് ആരോപണമുണ്ട്.
പ്രാഥമികാന്വേഷണത്തിനുശേഷം പൂവാര്‍ പോലീസ് കേസ് വിഴിഞ്ഞം പോലീസിന് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിയെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ആഗസ്ത് 18ന് രാവിലെയാണ് പൂവാര്‍ പുല്ലുവിള കടപ്പുറത്ത് കൈയും കാലും പ്ലാസ്റ്റിക്ക് ചരടുകൊണ്ട് ബന്ധിച്ച് ചാക്കില്‍ കെട്ടിയനിലയില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്.