ശാസ്ത്രജ്ഞന്റെ വീടിനുനേരെ കല്ലേറ്
Posted on: 03 Sep 2015
നേമം: ഐ.എസ്.ആര്.ഒ.യില്നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്റെ വീടിനുനേരെ കല്ലേറ്. പാപ്പനംകോട് സായിനഗറില്‍ എസ് 5ല്‍ സോമരാജന്റെ വീടിനുനേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ കല്ലേറ് നടന്നത്. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ രണ്ട് ജനാല ചില്ലുകള്‍ തകര്‍ന്നു. കല്ലേറ് നടത്തിയവരുടെ ദൃശ്യങ്ങള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി. ടി.വി.യില്‍ തെളിഞ്ഞിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ സോമരാജന്റെ ഭാര്യ സുജാതയും കൊച്ചുമകന് പ്ലസ്ടു വിദ്യാര്‍ഥി വിശാലും വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലേറ് നടത്തിയത്. പുലര്‍ച്ചെ ഒരുമണിയോടുകൂടി വീടിന്റെ പരിസരത്തെത്തി നിരീക്ഷിച്ച ശേഷം ബൈക്കിന് പിറകിലിരുന്നയാള്‍ വീടിനുനേരെ കല്ല് വലിച്ചെറിയുന്നതായാണ് സി.സി. ടി.വി. ദൃശ്യങ്ങളില്‍ കാണുന്നത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്.
സോമരാജന്റെ മരുമകന് ആറ്റിങ്ങല്‍ സ്വദേശികളായ ചിലരുമായി ദുബായില്‍ കേസുകള്‍ നിലവിലുണ്ട്. അതുമായി ബന്ധപ്പെട്ടാണോ അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായി സോമരാജന് പറഞ്ഞു.
മൂന്നുമാസം മുമ്പ് കാറിലെത്തിയ ആറ്റിങ്ങല്‍ സ്വദേശികള്‍ സുജാതയെ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.