രോഗിയായ കരാര്‍ ജീവനക്കാരനെ സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കണം
Posted on: 03 Sep 2015
തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ പത്തുകൊല്ലത്തിലേറെയായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കാന്‍സര്‍ ബാധിതനായ ചെറുപ്പക്കാരനെ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദൂരവിദ്യാഭ്യാസ വകുപ്പില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന കെ.സന്തോഷ് കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നിയമനകാര്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ കമ്മിഷന് (ജുഡീഷ്യല്‍) അംഗം ആര്.നടരാജന് നിര്‍ദേശിച്ചത്.
സന്തോഷ് കുമാറിനെ സ്ഥിരപ്പെടുത്താന്‍ നേരത്തെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പിന്നീട് സിന്‍ഡിക്കേറ്റിന്റെ തീരുമാനം സര്‍ക്കാരിലേക്കയച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സിന്‍ഡിക്കേറ്റ് തീരുമാനം അംഗീകരിച്ചു. എന്നിട്ടും സന്തോഷിനെ സ്ഥിരപ്പെടുത്തിയില്ല. തുടര്‍ന്നാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.