വിലയില്ലാ പട്ടയം നല്കി വഞ്ചിച്ചെന്ന് പരാതി
Posted on: 02 Sep 2015
വിഴിഞ്ഞം: അടിമലത്തുറ തീരദേശത്ത് 2009-ല്‍ എല്‍.ഡി.എഫ്. സക്കാര്‍ 910 കുടുംബങ്ങള്‍ക്കും യു.ഡി.എഫ്. സര്‍ക്കാര്‍ 2013-ല്‍ 318 കുടുംബങ്ങള്‍ക്കും വിലയില്ലാ പട്ടയം നല്കി വഞ്ചിച്ചെന്ന് പരാതി. 35 വര്‍ഷത്തില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ കൈവശം െവച്ചിരുന്ന 2 സെന്റ് മുതല്‍ 10 സെന്റ് വരെയുള്ള സ്ഥലങ്ങള്‍ക്കാണ് ജനപ്രതിനിധികളുടെ നിരന്തരമുള്ള സമ്മര്‍ദത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാറുകള്‍ പട്ടയം നല്‍കിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നവംബര്‍ 1ന് ആരംഭിക്കാന്‍ ഇരിക്കേ കടലോരമായ വിഴിഞ്ഞം അടിമലത്തുറ ബന്ധിച്ചിരിക്കുന്നത് കേവലം 5 കിലോമീറ്റര്‍ ദൂരത്തിലാണ്. ഹാര്‍ബറിന്റെ പണി ആരംഭിക്കുമ്പോള്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ക്ക് കിടപ്പാടവും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്ക വര്‍ദ്ധിക്കുന്നു. സര്‍ക്കാറുകള്‍ നല്‍കിയിട്ടുള്ള പട്ടയം നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്ത് 25 വര്‍ഷത്തേക്ക് ക്രയവിക്രയം ചെയ്യാനോ ബാങ്കില്‍ പണയപ്പെടുത്താനോ പറ്റാത്ത അവസ്ഥയാണ്. തുറമുഖം വരുമ്പോള്‍ 10,000-ത്തോളം മത്സ്യത്തൊഴിലാളികളുടെ അവസ്ഥയെ സംബന്ധിച്ച് സര്‍ക്കാര്‍ ഒന്നും വ്യക്തമാക്കുന്നില്ല. പട്ടയത്തിലെ നിബന്ധന മാറ്റി ബാങ്കില്‍ പണയപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടിയും വസ്തു വാങ്ങാനും വില്ക്കാനുമുള്ള അനുമതിയും ഉണ്ടാകണമെന്നാണ് ആവശ്യം. തുറമുഖ പണി ആരംഭിക്കുന്നതിന് മുമ്പ് ഭവന രഹിതരാക്കുന്ന കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന കള്ളക്കളി അവസാനിപ്പിക്കണമെന്ന് കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാനും അടിമലത്തുറ വാര്‍ഡ് മെമ്പറുമായ ലീന്‍ സേവ്യര്‍ ആവശ്യപ്പെട്ടു.