കോലിയക്കോട് പ്രദേശത്ത് തെരുവു നായ്ക്കളുടെ അക്രമണം വ്യാപകം; ജനം ഭീതിയുടെ നിഴലില്‍
Posted on: 02 Sep 2015
പോത്തന്‍കോട്: കഴിഞ്ഞ കുറച്ചുനാളുകളായി കോലിയക്കോട്ടും പരിസര പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ അക്രമണം വര്‍ധിക്കുന്നു. വഴിയോരങ്ങളും ആളൊഴിഞ്ഞ വീടുകളും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറി. വിദ്യാര്‍ഥികള്‍ ഭയത്തോടെയാണ് സ്കൂളിലേക്ക് പോകുന്നത്. ഒരാഴ്ച മുമ്പ് ഉറങ്ങികിടന്നിരുന്ന സ്ത്രീയെ തെരുവുനായ്ക്കള്‍ അക്രമിക്കുകയും മുഖത്ത് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ കന്യാകുളങ്ങര ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോലിയക്കോട് കലുങ്ക് ജങ്ഷനില്‍ പ്ലാവിളാകത്തുവീട്ടില് രാമന്‍പിള്ളയുടെ രണ്ടു ആടുകളെ നായ്ക്കൂട്ടം അക്രമിക്കുകയുണ്ടായി. വീട്ടില്‍ വളര്‍ത്തുന്ന കോഴികളെ തെരുവുനായ്ക്കള്‍ അക്രമിക്കുക പതിവാണ്. രാപകല്‍ വ്യത്യാസമില്ലാതെയുള്ള തെരുവുനായ്ക്കളുടെ അക്രമണത്തില്‍ നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ മാണിക്കല്‍ പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കാണാനായിട്ടില്ല.