വാളക്കാട് ചെമ്പകമംഗലം റോഡ് തകര്‍ന്നു
Posted on: 02 Sep 2015
കാല്‍നടയാത്ര പോലും ദുഷ്കരം
ആറ്റിങ്ങല്‍: വാളക്കാട്-ഊരുപൊയ്ക-ചെമ്പകമംഗലം റോഡ് തകര്‍ന്നിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുഴല്‍ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
തകര്‍ന്ന് വെള്ളക്കെട്ടും ചെളിക്കെട്ടുമായ റോഡില്‍ നടക്കാന്‍പോലുമാകാതെ വിഷമിക്കുകയാണ് നാട്ടുകാര്‍. ഇപ്പോള്‍ പാറ ക്വാറികളില്‍ നിന്നുള്ള മണ്ണും മെറ്റലും കുഴികളില്‍ നിരത്തിയിട്ട നിലയിലാണ് റോഡ്. റോഡില്‍ അവിടവിടെ നികന്നിരിക്കുന്ന പാറക്കഷണങ്ങളില്‍ തട്ടി വാഹനങ്ങള്‍ തെന്നിവീണ് അപകടം പറ്റുന്നത് ഇവിടെ പതിവായിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്.
സംസ്ഥാനപാതയെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡില്‍ വാളക്കാട് ജങ്ഷനില്‍ തുടങ്ങി ദേശീയപാതയില്‍ ചെമ്പകമംഗലത്ത് അവസാനിക്കുന്നതാണ് റോഡ്. ഒരു കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെ അഞ്ച് ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏഴ് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വാളക്കാട് കുന്നില്‍ കഴക്കൂട്ടം-മംഗലപുരം കുടിവെള്ള പദ്ധതിയുടെ സംഭരണിയും ശുദ്ധീകരണപ്ലാന്റും വന്നതോടെയാണ് കുഴലിടാന്‍ റോഡ് വെട്ടിപ്പൊളിച്ചത്. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ ദിവസവും ഇരുനൂറോളം ടാങ്കറുകളാണ് വെള്ളമെടുക്കാനായി ഇവിടെയെത്തുന്നത്. ഈ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങിയതോടെ റോഡ് കൂടുതല്‍ നാശാവസ്ഥയിലായി.
കുഴലിനെടുത്ത കുഴികളില്‍ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. വീതി കുറഞ്ഞ റോഡില്‍ ഇത് വലിയ കെണിയായി മാറി. ഇപ്പോള്‍ മഴക്കാലത്ത് വാഹനങ്ങള്‍ താഴാന്‍ തുടങ്ങിയതോടെ അധികൃതര്‍ പാറപ്പൊടി നിരത്തിയിട്ടുണ്ട്. ഇത് റോഡരികില്‍ താമസിക്കുന്നവര്‍ക്ക് വലിയ ദുരിതമായി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പറക്കുന്ന പാറപ്പൊടി ശ്വസിച്ച് പലരും ശ്വാസംമുട്ടിന് ചികിത്സ തേടേണ്ടിവന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലമാണ് റോഡിന് ഈ ഗതി വന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുദാക്കല്‍ പഞ്ചായത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡ് നന്നാക്കുന്നതിന് വേണ്ടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ എം.എല്‍.എ.യുടെ ഭാഗത്തുനിന്നോ ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. റോഡ് അടിയന്തരമായി കുറ്റമറ്റരീതിയില്‍ നന്നാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ പറയുന്നു.
34
വാളക്കാട് ചെമ്പകമംഗലം റോഡില്‍ ഊരുപൊയ്കഭാഗത്ത് പാറ ക്വാറിയില്‍ നിന്നുള്ള മണ്ണും കല്ലും കൊണ്ട് നികത്തിയ കുഴികള്‍ക്ക് മേലെ ബദ്ധപ്പെട്ട് പോകുന്ന ബൈക്ക് യാത്രക്കാരന്