അമൃത് മിഷന്: തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തണം - വി.ശിവന്‍കുട്ടി
Posted on: 01 Sep 2015
തിരുവനന്തപുരം: അമൃത് മിഷന് പദ്ധതിയില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയത് ബി.ജെ.പി. സര്‍ക്കാരിന്റെ ഗൂഢാലോചനയും തിരുവനന്തപുരം എം.പി. ശശിതരൂരിന്റെ കഴിവുകേടുമാണെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. പ്രസ്താവനയില്‍ ആരോപിച്ചു.
ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. രാഷ്ട്രീയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നഗരങ്ങളെല്ലാംതന്നെ ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെല്ലാം ഈ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ അവഗണിച്ചിരിക്കുകയാണ്. 500 കോടി രൂപയാണ് രാഷ്ട്രീയ ദുഷ്ടലാക്കുകൊണ്ട് തിരുവനന്തപുരം നഗരത്തിന് നഷ്ടമാകുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇനി പ്രഖ്യാപിക്കാനുള്ള നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എം.എല്‍.എ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന് കത്തയച്ചു.