ഫ്രാപിന്റെയും പോത്തന്‍കോട് പോലീസിന്റെയും ഓണാഘോഷം കരുണാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം
Posted on: 01 Sep 2015
പോത്തന്‍കോട് : കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഉറ്റവരുടെയും ഉടയവരുടെയും സാമീപ്യമില്ലാതെ അഗതിമന്ദിരത്തില്‍ കഴിയുന്ന അറുപത് അന്തേവാസികള്‍ക്കൊപ്പമുള്ള ഓണാഘോഷം ശ്രദ്ധേയമായി. പോത്തന്‍കോട് ഡി.എം. കോണ്‍വെന്റ് കരുണാലയത്തിലാണ് പോത്തന്‍കോട് പോലീസും പോത്തന്‍കോട് റസിഡന്റ്സ് അസ്സോസിയേഷനുകളുടെ ഫെഡറേഷനായ ഫ്രാപും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചത്. ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ നിന്നും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടുപോകാന്‍ ആരുമില്ലാത്തവരും പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവരുമായ പതിമൂന്ന് വയസ്സു മുതല്‍ എണ്‍പത്തിയഞ്ച് വയസ്സുവരെയുള്ള ഇവിടത്തെ 60 അന്തേവാസികളാണ് ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്. അന്തേവാസികളുടെ കലാപരിപാടികളോടെയായിരുന്നു തുടക്കം. എണ്‍പത്തിയഞ്ച് വയസ്സുള്ള കുഞ്ഞികുട്ടി അമ്മയുടെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച കലാപരിപാടികളില്‍ സജിലയുടെയും ആശയുടെയും ലളിതഗാനവും സജിതയുടെ മാപ്പിളപ്പാട്ടും ലക്ഷ്മീഭായിയുടെ ഹിന്ദിഗാനവും ആസ്വദിച്ചിരുന്ന സദസ്സിനു മുന്നില്‍ സ്വന്തം ജീവിതം കവിതയായി അവതരിപ്പിച്ചുകൊണ്ടു കരഞ്ഞുപോയ ആമിന സദസ്സിനേയും കണ്ണീരണിയിച്ചു. മിമിക്രിയും പഴയ നാടകഗാനങ്ങളും കവിതകളുമായി വേദി കൊഴുക്കുന്നതിനിടയില്‍ മലയാള, തമിഴ് സിനിമാ സീരിയല്‍ നടി കൃഷ്ണപ്രിയ അന്തേവാസികള്‍ക്കായി വേദിയില്‍ അവതരിപ്പിച്ച മോഹിനിയാട്ടം മിഴിവേകി. തുടര്‍ന്ന് ഫ്രാപ് വൈസ് പ്രസിഡന്റ് ഡി.ജി.സജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാലോട് രവി എം.എല്‍.എ. ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മണിവസന്തം ശ്രീകുമാര്‍, കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്.അരുണ്‍, പോത്തന്‍കോട് എസ്.ഐ. വിജയരാഘവന്, കേരളാ പോലീസ് അസ്സോസിയേഷന് ജില്ലാ സെക്രട്ടറി ടി.ശശിധരന് നായര്‍, മദര്‍ സുപ്പീരിയര്‍ ലില്ലി തോമസ്, സിസ്റ്റര്‍ ട്രീസാ പീറ്റര്‍, സിസ്റ്റര്‍ സിലിയ, സിസ്റ്റര്‍ ബ്ലസി, ഫ്രാപ് സെക്രട്ടറി എ.നിസാമുദ്ദീന്‍, ഫ്രാപ് ട്രഷറര്‍ വി.എസ്.ഗംഗാധരന് നായര്‍ എന്നിവര്‍ സംസാരിച്ചു. യോഗാനന്തരം അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും എല്ലാ അന്തേവാസികള്‍ക്കും ഓണപ്പുടവയും നല്കി.