മെഡിക്കല്‍ കോേളജിലെ റേഡിയേഷന് യന്ത്രം തകരാറില്‍
Posted on: 01 Sep 2015
തിരുവനന്തപുരം: രണ്ട് മാസത്തോളമായി റേഡിയേഷന് മെഷീന് തകരാറിലായത് കാരണം മെഡിക്കല്‍ കോേളജിലെ കാന്‍സര്‍ രോഗികള്‍ വലയുന്നു. റേഡിയേഷന് ആവശ്യമായി വരുന്ന രോഗികള്‍ മാസങ്ങളോളം വെയ്റ്റിങ് ലിസ്റ്റിലാണ്.
റേഡിയേഷനുള്ള ദിവസം മുന്‍കൂറായി ബുക്ക് ചെയ്യണം. എന്നാല്‍ റേഡിയേഷനുള്ള തീയതി ലഭിച്ചാല്‍ ഈ ദിവസം റേഡിയേഷന് ചെയ്യാന്‍ കഴിയുമോയെന്ന് ഉറപ്പില്ല. റേഡിയേഷന് നല്കാന് നിശ്ചയിച്ച ദിവസത്തിന് മുന്‍പായി ആശുപത്രിയില്‍ എത്തണമെന്ന് അധികാരികള്‍ പറയും. ഇങ്ങനെ എത്തുന്ന ദിവസങ്ങളില്‍ ആദ്യം നിശ്ചയിച്ച റേഡിയേഷന് നല്‍കാനുള്ള തീയതി നീട്ടി നല്‍കാറാണ് പതിവെന്ന് രോഗികള്‍ പറയുന്നു.
കീമോതെറാപ്പിയിലും മരുന്നുകളിലുമുള്ള പ്രതീക്ഷ കൈവിട്ട രോഗികളുടെ ഏക ആശ്രയം റേഡിയേഷന് മാത്രമാണ്. എന്നാല്‍ പഴക്കം ചെന്ന റേഡിയേഷന് മെഷീന് സ്ഥിരം പണിമുടക്കുന്നതോടെ നിസഹായരാവുകയാണ് അധികാരികളും.
അത്യാവശ്യഘട്ടങ്ങളില്‍ റേഡിയേഷന് നല്‍കേണ്ട രോഗികളെ ആര്.സി.സി.യിലേക്ക് പരിഗണിക്കും. മെഡിക്കല്‍ കോളേജില്‍ 2007 ല്‍ ലഭിച്ച റേഡിയേഷന് മെഷീനാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പുതിയ മെഷീന് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്താനാകാത്തതിനാലാണ് മെഷീന് ലഭിക്കാത്തതെന്ന് റേഡിയേഷന് വിഭാഗത്തിലെ ഡോ. ജയകുമാര്‍ പറയുന്നു.