സായിയുടെ മൃതദേഹം സംസ്‌കരിച്ചു

Posted on: 01 Sep 2015



റീത്ത് സമര്‍പ്പിച്ചതിനെച്ചൊല്ലി വാക്കേറ്റം


ആറ്റിങ്ങല്‍:
അക്രമികളുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആലംകോട് വഞ്ചിയൂര്‍ കടവിള സായിഭവനില്‍ പരേതനായ സാംബശിവന്റെ മകന്‍ സായി(26)യെയാണ് ഞായറാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ അനാസ്ഥയാണ് സായിയുടെ മരണത്തിലേക്ക് നയിച്ചതെന്നാരോപിച്ച് നാട്ടുകാര്‍ ഞായറാഴ്ച കടവിളയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച ആറ്റിങ്ങലില്‍ വന്‍ പോലീസ് സന്നാഹമൊരുക്കിയിരുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം കയറ്റിയ ആംബുലന്‍സിന് മുന്നിലും പിന്നിലും പോലീസ് വാഹനങ്ങളുണ്ടായിരുന്നു. മാമത്തെത്തിയപ്പോള്‍ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി ധാരാളം പേര്‍ ചേര്‍ന്നതോടെ വിലാപയാത്രയായി. ഉച്ചയ്ക്ക് 12.45 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. ഈ സമയം ബി. സത്യന്‍ എം.എല്‍. എ, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ബി. ജെ.പി. നേതാക്കളായ തോട്ടയ്ക്കാട് ശശി, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ആര്‍.എസ്.എസ്. ജില്ലാ പ്രചാരക് ഒ.എം. ശ്രീജിത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ഷിഹാബുദ്ദീന്‍ എന്നിവര്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. മുറ്റവും റോഡും അയല്‍വീടുകളുടെ പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
മൃതദേഹത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ സി.പി. എമ്മിനുവേണ്ടി റീത്ത് സമര്‍പ്പിച്ചത് ചിലര്‍ ചോദ്യംചെയ്തു. ഇത് ചെറിയതോതില്‍ വാക്കേറ്റത്തിനിടയാക്കി. സി.ഐ. എം. അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് എന്നിവരും സായിയുടെ ബന്ധുക്കളും ഇടപെട്ട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. 1.30 ഓടെ വീടിന് സമീപമൊരുക്കിയ ചിതയില്‍ മൃതദേഹം സംസ്‌കരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് കട്ടപ്പറമ്പ് കിടുത്തട്ടുവിള ജങ്ഷനില്‍ നിന്ന സായിയുള്‍പ്പെടെ എട്ടുപേരെ മര്‍ദ്ദിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഏതാനുംപേരെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് എല്ലാപേരെയും വിട്ടയച്ചതായി ആരോപണമുണ്ട്. ശനിയാഴ്ച പരാതി നല്‍കാനെത്തിയ സായിയുടെ പരാതി എസ്.ഐ. സ്വീകരിച്ചില്ലെന്നും സായിയോട് അപമര്യാദയായി പെരുമാറിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിലുള്ള മനോവിഷമമാണ് സായിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാരോപിച്ചാണ് ഞായറാഴ്ച ഇന്‍ക്വസ്റ്റിനെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞത്.
വഞ്ചിയൂര്‍ സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറയുന്നു. സായിയുടെ മരണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച വഞ്ചിയൂരില്‍ ഹര്‍ത്താലാചരിച്ചു. ആക്രമണം നടത്തിയ കേസില്‍ അഞ്ച് ശിവസേന പ്രവര്‍ത്തകരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
സായിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഡിവൈ.എസ്.പി. ആര്‍. പ്രതാപന്‍നായര്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തദിവസം മേലധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു.



More Citizen News - Thiruvananthapuram