ശ്രീമൂലം തിരുനാള്‍ നാഞ്ചില്‍ നാട്ടിന് നല്‍കിയ നിധികുംഭം - പേച്ചിപ്പാറ ഡാം

Posted on: 31 Aug 2015



തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് നാഞ്ചില്‍ നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കാന്‍ പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ കോതയാറില്‍ നിര്‍മിച്ചതാണ് പേച്ചിപ്പാറ അണക്കെട്ട്. 1897-ല്‍ തുടങ്ങി 1906 ജൂണില്‍ പണിപൂര്‍ത്തിയാക്കിയ അണക്കെട്ട് ഇന്നും കര്‍ഷകര്‍ക്ക് വരദാനമായി നിലകൊള്ളുന്നു. പ്രജാതത്പരനായ ഭരണാധികാരി അണക്കെട്ടിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്ത് പ്രഗത്ഭനായ എന്‍ജിനിയറെ കൊണ്ട് അണക്കെട്ട് നിര്‍മിക്കുകയായിരുന്നു. ആത്മാര്‍ഥതയോടെ അണയുടെ പണികള്‍ പൂര്‍ത്തിയാക്കിയ അലക്‌സാണ്ടര്‍ മിഞ്ചിന്‍ തന്റെ മരണം ശേഷം മൃതദേഹം പേച്ചിപ്പാറയില്‍ സംസ്‌കരിക്കണമെന്നും രാജാവിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശവകുടീരം അണയ്ക്ക് ഇടതുവശത്തായി നമുക്ക് കാണാം.
പേച്ചിപ്പാറ അണക്കെട്ട്, ജലസംഭരണിയുടെ വിസ്തൃതിയില്‍ തമിഴ്‌നാട്ടിലെ ഒന്നാമത്തെ അണക്കെട്ടാണ്. 207.19 ചതുരശ്ര കിലോ മീറ്റര്‍ ദൂരത്തില്‍ നിന്ന് ജലം എത്തുന്ന പേച്ചിപ്പാറ ജലസംഭരണിയുടെ വിസ്തൃതി 15.15 ചതുരശ്ര കിലോ മീറ്ററാണ്. 1496 അടി നീളമുള്ള അണക്കെട്ടിന് 98 അടി ഉയരമുണ്ട്. 48 അടി ജലനിരപ്പാണ് ഉയര്‍ന്ന പരിധി. ആദ്യ നിര്‍മാണത്തിന് 42 അടി ജലനിരപ്പ് കണക്കാക്കിയിരുന്നു. 90കളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉയര്‍ന്ന പരിധി ജലനിരപ്പ് 48 അടിയാക്കി ഉയര്‍ത്തുകയായിരുന്നു. അണക്കെട്ടില്‍ ചെറിയ അളവില്‍ ലീക്കേജ് വരുന്നതൊഴിച്ചാല്‍ മറ്റൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.
തെക്കന്‍ തിരുവിതാംകൂറില്‍ പെരുഞ്ചാണിക്കടുത്ത് ആദ്യമായി നിര്‍മിച്ച പാണ്ഡ്യന്‍ അണക്കെട്ട് പേച്ചിപ്പാറ നിര്‍മാണത്തോടെ വെള്ളത്തിനടിയിലായി. പേച്ചിപ്പാറ അണ നിര്‍മിക്കുന്നതിനു മുമ്പ് കോതയാറിന് കുറുകെ ആമ്പാടിക്കടുത്ത് വണ്ണാന്‍പാറ അണ നിര്‍മിച്ചിരുന്നു. പേച്ചിപ്പാറയില്‍ നിന്ന് തിരുനെല്‍വേലിയുടെ രാധാപുരത്തും വെള്ളമെത്തിക്കുന്നു. നൂറ്റിപ്പത്ത് വര്‍ഷം പഴക്കമേറിയ അണയുടെ നിര്‍മാണ വൈദഗ്ധ്യം ഒരു അത്ഭുതമായി നിലകൊള്ളുന്നു. മധുരയില്‍ എന്‍ജിനിയറായിരുന്ന അലക്‌സാണ്ടര്‍ മിഞ്ചിനെ തിരുവിതാംകൂറില്‍ എത്തിച്ച് അണയുടെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
അണക്കെട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പല കഥകളും നാട്ടുകാര്‍ പറയുന്നുണ്ട്. സ്ഥലം സര്‍വെ ചെയ്യാന്‍ വനപ്രദേശത്തെ വിഷപാമ്പുകളുടെയും ഉഗ്രജീവികളുടെയും ആക്രമണം തടസ്സമായി. പല പ്രാവശ്യം സര്‍വെ പണികള്‍ തടസ്സപ്പെട്ടപ്പോള്‍ എന്‍ജിനിയര്‍ മഹാരാജാവില്‍ നിന്ന് ചില്ലിക്കാശ്, പണം, ചക്രം തുടങ്ങിയ നാണയങ്ങള്‍ ആവശ്യപ്പെട്ടു. ചാക്കില്‍ കെട്ടിക്കൊണ്ടുവന്ന നാണയങ്ങള്‍ കാടിനുള്ളില്‍ വിതറി. വിവരമറിഞ്ഞെത്തിയ ആദിവാസികളടക്കമുള്ള ഗ്രാമീണര്‍ നാണയങ്ങള്‍ കൈക്കലാക്കാന്‍ കാടു മുഴുവനും അരിച്ചുപെറുക്കി. വലിയ വൃക്ഷങ്ങള്‍ ഒഴികെ മറ്റെല്ലാം നാട്ടുകാര്‍ വെട്ടിമാറ്റി. തുടര്‍ന്ന് സര്‍വെ തടസ്സം കൂടാതെ നടന്നു.
അണയ്ക്ക് മുമ്പിലുള്ള പേച്ചി അമ്മന്‍ ക്ഷേത്രം മരാമത്ത് വകുപ്പിന്റെ കീഴിലാണ്. പൂജയും മറ്റു നിര്‍വഹണവും നാട്ടുകാര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ജലം തുറന്നുവിടുമ്പോള്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ അധികൃതര്‍ നേരിട്ടെത്തി പേച്ചി അമ്മന് പൂജകള്‍ നടത്തിയ ശേഷമാണ് ഷട്ടര്‍ തുറക്കുന്നത്. ഈ രീതി ഇന്നും മുടക്കം കൂടാതെ നടക്കുന്നു.
പ്രകൃതിരമണീയമായ കാഴ്ചകളും പ്രൗഢിയോടെ നില്‍ക്കുന്ന അണക്കെട്ടും വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യാനുഭൂതി നല്‍കും.
കുലശേഖരത്ത് നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പേച്ചിപ്പാറയില്‍ എത്താം. മുകള്‍ ഭാഗത്ത് വിനോദ സഞ്ചാരികളെ കടത്തിവിടാറില്ല. അണ നിര്‍മിക്കാന്‍ കാരണക്കാരനായ മഹാരാജാവിന്റെ പേരോ തിരുവിതാംകൂറിന്റെ സ്മരണകളോ രേഖപ്പെടുത്താതെ വിട്ടിരിക്കുന്നു.
വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും അണയുടെ മേല്‍ഭാഗത്ത് സന്ദശിക്കാനുള്ള അനുമതിയും ബോട്ട് സര്‍വീസും അണക്കെട്ടിന് സുരക്ഷ ഏര്‍പ്പെടുത്താനുള്ള നടപടിയും വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

More Citizen News - Thiruvananthapuram