ഗുണ്ടാ കുടിപ്പക: യുവാവിന്റെ കൈകാലുകള്‍ വെട്ടിമാറ്റി, മൂന്ന് പേര് അറസ്റ്റില്‍
Posted on: 31 Aug 2015
തിരുവനന്തപുരം: നിരവധി കേസ്സുകളില്‍ പ്രതിയായ ചന്ദനം ഉണ്ണി എന്ന് വിളിക്കുന്ന ലിനുകുമാറിന്റെ ഇരുകൈകളും കാലുകളും വെട്ടിയ കേസില്‍ മൂന്ന് പേര് പിടിയില്‍. ആറ്റിപ്ര കുളത്തൂര്‍ പുല്ലുകാട് കല്പാര്ക്കിനു സമീപം ഷിജു ഭവനില്‍ സുധീഷ് (31), പുല്ലുകാട് വിജിത്ത് മന്ദിരത്തില്‍ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന വിജിത്ത് (27), തിരുവല്ലം ഇടയാര്‍ ദ്വീപില്‍ പടിഞ്ഞാറേ പാണിമൂട് വീട്ടില്‍ മടപ്രസാദ് എന്ന് വിളിക്കുന്ന പ്രസാദ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുമ്പ് സുധീഷിനെ ലിനുകുമാറിന്റെ നേതൃത്വത്തില്‍ വെട്ടിയതിന് പ്രതികാരമായിട്ടാണ് കഴിഞ്ഞ തിങ്കളാഴ്ച ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. രാത്രി 12 മണിയോടെ ലിനുകുമാറിന്റെ കാറില്‍ പിക്കഅപ്പ് വാന്‍ ഇടിച്ചശേഷം ഇയാളുടെ മുഖത്ത് മുളക് പൊടി വിതറിയ സുധീഷും സംഘവും വെട്ടുകയായിരുന്നു.
ലിനുകുമാറിനെ വിവരം അറിഞ്ഞ് എത്തിയ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ ഇരുകൈകളും കാലുകളും ഉടനടി തന്നെ ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തന് ശേഷം ഒളിവില്‍ പോയ പ്രതികളെ ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷീന്‍ തറയില്‍, തുമ്പ എസ്.ഐ. ജയസനില്‍, എസ്.സി.പി.ഒ. ജയശങ്കര്‍, സി.പി.ഒ.മാരായ അനില്‍, സാംജിത്ത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.