ലൈറ്റ് മെട്രോയില്‍ സര്‍ക്കാരിന്റെ കള്ളക്കളി നിര്‍ത്തണം - കടകംപള്ളി സുരേന്ദ്രന്
Posted on: 31 Aug 2015
തിരുവനന്തപുരം: തലസ്ഥാനത്ത് ലൈറ്റ് മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി അവസാനിപ്പിച്ച് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിച്ച് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഈ രംഗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഡല്‍ഹി റെയില്‍ മെട്രോയെയും അതിന്റെ നായകനായ ഇ.ശ്രീധരനെയും പദ്ധതി ഏല്‍പ്പിക്കണമെന്ന പൊതു അഭിപ്രായത്തെ മാനിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിന് ഇപ്പോഴും കഴിയുന്നില്ല. ഡി.എം.ആര്.സി. സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് ഏല്‍പ്പിച്ചിട്ട് പത്ത് മാസം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംരംഭമായി നല്ല നിലയില്‍ നടപ്പിലാക്കാന്‍ കഴിയും. അതിനാവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് ഡി.എം.ആര്.സി. നല്‍കിയത്. പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ തലസ്ഥാന ജനതയുടെ പൊതു അഭിപ്രായ സ്വരൂപണത്തിനും പ്രക്ഷോഭത്തിനും നടപടികളുമായി മുന്നോട്ട് പോകുമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.