മഠത്തുനടയിലെ പൈപ്പ് പൊട്ടലിന് താത്കാലിക പരിഹാരം; ജല അതോറിറ്റിയുടെ നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചു
Posted on: 30 Aug 2015
പേരൂര്‍ക്കട: മുക്കോലയ്ക്കലിന് സമീപം മഠത്തുനടയില്‍ ഒരാഴ്ചയിലേറെയായി പൊട്ടിയൊലിച്ചിരുന്ന 280 എം.എം. പി.വി.സി. പൈപ്പിലെ ചോര്‍ച്ച ജല അതോറിറ്റി അധികൃതര്‍ താത്കാലികമായി പരിഹരിച്ചു. ശനിയാഴ്ച രാവിലെ തന്നെ ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം ഉണ്ടാക്കിയിട്ടുമാത്രം പണിയെന്നുപറഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി. വെള്ളം ദിവസങ്ങളായി പ്രദേശത്തെ റോഡാകെ പരന്ന് പാഴായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമായത്.
സമീപത്തെ തോട്ടിലേക്കും ഓടയിലേക്കുമാണ് വെള്ളം ഒഴുകി പാഴായിക്കൊണ്ടിരുന്നത്. പൈപ്പ് പൊട്ടിയതോടെ റോഡും തകരുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ പൈപ്പിന്റെ അറ്റകുറ്റപ്പണി താത്കാലികമായി നടത്തി ജലവിതരണം പുനരാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ പൈപ്പ് പൊട്ടലിന് ശാശ്വതപരിഹാരം ഉണ്ടാക്കാമെന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഉറപ്പിനെത്തുടര്‍ന്നാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്.