ശിവഗിരിയില്‍ നിന്നുള്ള ഘോഷയാത്ര നേരത്തേ പുറപ്പെടും
Posted on: 30 Aug 2015
ശിവഗിരി: ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശിവഗിരിയില്‍ നിന്നുള്ള ചതയദിന ഘോഷയാത്ര ഇത്തവണ വൈകീട്ട് മൂന്നിന് പുറപ്പെടും. ഘോഷയാത്ര കടന്നുപോകുന്ന റൂട്ടിലും മാറ്റമുണ്ട്. ശിവഗിരിയില്‍ നിന്നാരംഭിച്ച് വര്‍ക്കല മൈതാനം വഴി റെയില്‍വേ സ്റ്റേഷനിലെത്തി തിരികെ മൈതാനം, പുത്തന്‍ചന്ത, മരക്കടമുക്ക്, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് വഴി രാത്രി 8ന് മഹാസമാധിയില്‍ തിരിച്ചെത്തും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈകീട്ട് 5.30ന് ശിവഗിരിയില്‍ നിന്ന് പുറപ്പെട്ട് എസ്.എന്‍.കോളേജ്, പാലച്ചിറ വഴി വര്‍ക്കലയിലെത്തുന്ന രീതിയിലാണ് ഘോഷയാത്ര കടന്നുപോയിരുന്നത്.
ശിവഗിരിയില്‍ നിന്ന് ഞായറാഴ്ച മൂന്നിന് ആരംഭിക്കുന്ന വര്‍ണശബളമായ ജയന്തിഘോഷയാത്ര ജയന്തിയാഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുദേവറിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, ബാന്‍ഡ്മേളം, അട്ടപ്പാടി താമ്പോലമേളം, ശിങ്കാരിമേളം, ഗുരുദേവവിഗ്രഹം വഹിക്കുന്ന രഥം, കലാരൂപങ്ങള്‍, ഭക്തിഗാനാലാപനസംഘങ്ങള്, വട്ടമുടി, കുംഭനൃത്തം, പൊയ്കാല്‍ മയില്‍, നാസിക്ടോള, നെയ്യാണ്ടിമേളം, ജെണ്ട്കാവടി, ഡിജിറ്റല്‍ തമ്പോലമേളം, സ്നാറാ ഡ്രംസ്, തെയ്യം, കരകാട്ടം, കളരിപ്പയറ്റ്, പൂക്കാവടി, ആഫ്രിക്കന്‍ റിഥംസ്, ആലക്തിക ദീപാലങ്കാരങ്ങള്‍, ഗുരുദേവസന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന ഫ്ളോട്ടുകള്‍ തുടങ്ങിയവ അകമ്പടിയേകും.
ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളില്‍ ഗൃഹാലങ്കാരങ്ങളും സ്ഥാപനാലങ്കാരങ്ങളുമുണ്ടാകും. ഘോഷയാത്ര ശിവഗിരിയില്‍ തിരിച്ചെത്തിയശേഷം സമ്മാനാര്‍ഹമായ ഫ്ളോട്ടുകളുടെയും മികച്ച ഗൃഹ, സ്ഥാപന അലങ്കാരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടക്കും.
ജയന്തിയോടനുബന്ധിച്ച് ഞായറാഴ്ച പുലര്‍ച്ചെ ശാരദാമഠത്തില്‍ വിശേഷാല്‍പൂജ, മഹാസമാധിപീഠത്തില്‍ വിശേഷാല്‍ ഗുരുപൂജ, ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ പാരായണം എന്നിവയുണ്ടാകും.