തകരാറായി രണ്ട് ആഴ്ചയായിട്ടും 108 ആംബുലന്‍സ് കട്ടപ്പുറത്ത്
Posted on: 30 Aug 2015
വിതുര: തകരാറിനെത്തുടര്‍ന്ന് ഓട്ടം മതിയാക്കി രണ്ട് ആഴ്ച പിന്നിട്ടിട്ടും വിതുര മേഖലയിലെ 108 ആംബുലന്‍സ് അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പില്‍ കയറ്റിയില്ല. വാഹനത്തിന്റെ ആള്‍ട്ടര്‍നേറ്റര്‍ വിഭാഗത്തിലാണ് തകരാര്‍. ഒറ്റദിവസം കൊണ്ട് തീര്‍ക്കാവുന്ന തകരാറാണെങ്കിലും പണിക്ക് കയറ്റാതെ ഇത് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.
108 ആംബുലന്‍സുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴുണ്ടായ പൊതു സാങ്കേതികപ്രശ്നമാണ് വിതുരയിലെ വാഹനത്തിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് എന്‍.ആര്.എച്ച്.എം. ജില്ലാ ഓഫീസര്‍ ഉണ്ണികൃഷ്ണന് മാതൃഭൂമിയോട് പറഞ്ഞു. ഡി.എച്ച്.എസ്. അധികൃതര്‍ വാഹനം പരിശോധിച്ചശേഷം എന്‍.ആര്.എച്ച്.എം. സ്റ്റേറ്റ് മിഷന് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിനുമുകളില്‍ കിലോമീറ്റര്‍ ഓടിയ വാഹനമായതിനാല്‍ അറ്റകുറ്റപ്പണിക്ക് അധികം പണം ചെലവാക്കിയാല്‍ ഓഡിറ്റ് പ്രശ്നം വരും. എങ്കിലും 10 ദിവസത്തിനകം പണി നടത്തി ആംബുലന്‍സ് ഓടിത്തുടങ്ങുമെന്ന് ഉണ്ണികൃഷ്ണന് അറിയിച്ചു.