പുല്ലമ്പാറയില്‍ പെണ്ണൊരുമയുടെ ഓണവിപണി വന്‍ നേട്ടം
Posted on: 30 Aug 2015
വെഞ്ഞാറമൂട്: പുല്ലമ്പാറ ഗ്രാമത്തില്‍ കുടുംബശ്രീയുടെ പെണ്ണൊരുമയില്‍ ഓണവിപണി മികച്ച നേട്ടമുണ്ടാക്കി. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ഓണം വിപണനമേള നടത്തുന്നത്. നാട്ടുരുചികളും നാട്ടുപച്ചക്കറികളുമായുള്ള വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
പുല്ലമ്പാറ സി.ഡി.എസ്സിന്റെ നേതൃത്വത്തിലെ കുടുംബശ്രീകളാണ് തേമ്പാമ്മൂട്ടില്‍ നടക്കുന്ന വിപണനമേളയില്‍ പങ്കെടുത്തത്. നാട്ടിലെ പച്ചക്കറികള്‍ കൂടാതെ നാടന്‍ കിഴങ്ങ്-ചക്കവറ്റലുകള്, ഉണ്ണിയപ്പം, ഉപ്പേരി, രാസവസ്തുക്കള്‍ ചേരാത്ത അച്ചാറുകള്‍....ഇങ്ങനെ നിരവധി വിഭവങ്ങളുണ്ടായിരുന്നു.
പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ചുള്ളാളം രാജന് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ദീപയില്‍ നിന്ന് ഒരു മുറം പച്ചക്കറി സ്വീകരിച്ചുകൊണ്ട് മേള ഉദ്ഘാടനം ചെയ്തു. ദീപ അധ്യക്ഷയായി. സരസ്വതി, ശോഭികാ രമേശന്, രജിത ടി. നായര്‍, സിനിത, വത്സല, വിമല, ഓമന, മാജിത, പല്ലമ്പാറ ദിലീപ്, മണ്ണയം രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന കുടുംബശ്രീകള്‍ ഒരുമയോടെ നിന്നത് കൊണ്ടാണ് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ വാമനപുരം ബ്ലോക്കിന്റെ മികച്ച കുടുംബശ്രീ ഓണംവിപണിക്കുള്ള പുരസ്കാരവും പുല്ലമ്പാറ സി.ഡി.എസ്. നേടിയിരുന്നു.