ചതയദിനാഘോഷത്തിന് ചിറയിന്‍കീഴ് ഒരുങ്ങി

Posted on: 30 Aug 2015



ചിറയിന്‍കീഴ്: മാനവസ്‌നേഹത്തിന്റെ മഹദ്പാഠങ്ങള്‍ ലോകത്തിന് നല്‍കിയ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിനാഘോഷത്തിന് ശ്രീനാരായണീയരും നാടുമൊരുങ്ങി. എസ്.എന്‍.ഡി.പി. യൂണിയനുകള്‍, ശാഖാ, വനിതാ യോഗങ്ങള്‍, യൂത്ത് മൂവ്‌മെന്റ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍. ചിറയിന്‍കീഴ് താലൂക്കുതല ആഘോഷം കടയ്ക്കാവൂരില്‍ ഗുരുസന്ദേശ മതസമന്വയ ഘോഷയാത്രയോടെ ആരംഭിക്കും.
ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ഊട്ടുപറമ്പ് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍നിന്ന് ഗുരുദേവ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെടും. സ്വാമി ഗുരുപ്രസാദ് എം.ഡി. സുരേഷിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിക്കും. താലപ്പൊലി, കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ അകമ്പടിയാകും.
തോണിക്കടവ്, തെക്കുംഭാഗം, ആയാന്റവിള, ചാവടിമുക്ക് ചുറ്റി രാത്രി ചെക്കാലവിളാകത്ത് സമാപിക്കും. ചിറയിന്‍കീഴ് യൂണിയന്‍ സംഘടിപ്പിക്കുന്ന ജയന്തി ആഘോഷം ഞായറാഴ്ച രാവിലെ 10 ന് യൂണിയന്‍ പ്രസിഡന്റ് സി.വിഷ്ണുഭക്തന്‍ ഉദ്ഘാടനം ചെയ്യും. പെരുങ്ങുഴി, അഴൂര്‍, ഇടഞ്ഞുംമൂല, പണ്ടകശാല, ആനത്തലവട്ടം, ഗുരുവിഹാര്‍, അഞ്ചുതെങ്ങ്, കായിക്കര, മുടപുരം, മാമം നട, മഞ്ചാടിമൂട്, തിനവിള, കൊച്ചാലുംമൂട്, കീഴാറ്റിങ്ങല്‍, പുതുക്കരി, മുട്ടപ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ ശാഖകളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. സഭവിള ശ്രീനാരായണ ആശ്രമത്തില്‍ പുലര്‍ച്ചെമുതല്‍ പ്രത്യേക പൂജകളുണ്ടായിരിക്കും.

More Citizen News - Thiruvananthapuram