ഉത്സവാേഘാഷത്തോടെ വെള്ളായണിയില്‍ അയ്യങ്കാളി ജലോത്സവം
Posted on: 30 Aug 2015
മിനിസ്റ്റേഴ്സ് കപ്പ് തെക്കേക്കര ചുണ്ടന്; ചുണ്ടന് വള്ളങ്ങളില്‍ വടക്കേക്കര
നേമം: കാണികളെ ആവേശഭരിതരാക്കി വെള്ളായണി കായലില്‍ നടന്ന 42-ാമത് അയ്യങ്കാളി ജലോത്സവത്തില്‍ ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തില്‍ കാക്കാമൂല ചന്ദ്രന് ക്യാപ്റ്റനായ തെക്കേക്കര ചുണ്ടന് അയ്യങ്കാളി എവര്‍റോളിങ് മിനിസ്റ്റേഴ്സ് കപ്പ്. തുടര്‍ച്ചയായി ഏഴാം തവണയാണ് തെക്കേക്കര ചുണ്ടന് വിജയിയാകുന്നത്. ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ എസ്. ചന്ദ്രബാബു ക്യാപ്റ്റനായ വടക്കേക്കര വെള്ളക്കുതിര ഒന്നാമതെത്തി. എസ്.അജയകുമാര്‍ ക്യാപ്റ്റനായ കിഴക്കേക്കര ചുണ്ടനാണ് രണ്ടാം സ്ഥാനം. വി.കെ. ജിജോ ക്യാപ്റ്റനായ ബ്രദേഴ്സ് ചുണ്ടന് രണ്ടാം സ്ഥാനവും രതീഷ്കുമാര്‍ ക്യാപ്റ്റനായ വള്ളം മൂന്നാമതുമെത്തി.
രണ്ടാം തരം വള്ളങ്ങളുടെ മത്സരത്തില്‍ അഭിജിത്ത് ക്യാപ്റ്റനായ ഊക്കോട് വടക്കേക്കര അയ്യങ്കാളി ചുണ്ടന് ഒന്നാംസ്ഥാനത്തും എം.മനോജ് ക്യാപ്റ്റനായ ഇമ്മാനുവേല്‍ വടക്കേക്കര രണ്ടാംസ്ഥാനത്തും ഷാന്‍ ക്യാപ്റ്റനായ വെള്ളായണി അരയന്ന തോണി മൂന്നാം സ്ഥാനവും നേടി. മൂന്നാംതരം വള്ളങ്ങളുടെ മത്സരത്തില്‍ ഇഗ്നേഷ്യസ് ക്യാപ്റ്റനായ കാക്കാമൂല ചുണ്ടന് ഒന്നാം സ്ഥാനവും ജെ.എസ്.ആകാശ് ക്യാപ്റ്റനായ അയ്യങ്കാളി ചുണ്ടന് രണ്ടാം സ്ഥാനവും എസ്.ആര്.കണ്ണന് ക്യാപ്റ്റനായ വേളാങ്കണ്ണി മാതാ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ വിഭാഗത്തില്‍ മഞ്ജു ക്യാപ്റ്റനായ ഊക്കോട് ചുണ്ടന് ഒന്നാമതും ആര്. ശോഭന ക്യാപ്റ്റനായ സ്നേഹതീരം രണ്ടാം സ്ഥാനവും നേടി. മികച്ച അമരക്കാരനായി ബിനുസുധനെ തിരഞ്ഞെടുത്തു. മത്സരങ്ങള്‍ നടന് സുരേഷ് ഗോപി ഫ്ലഗ് ഓഫ് ചെയ്തു. അയ്യങ്കാളി ജലോത്സവ ട്രസ്റ്റിന്റേയും സംസ്ഥാന ടൂറിസം, സ്പോര്‍ട്സ്, യുവജനകാര്യവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വള്ളംകളി മത്സരത്തിന്റെ പൊതുസമ്മേളനം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ വള്ളംകളിക്ക് 5 ലക്ഷം രൂപ സര്‍ക്കാര്‍ സ്ഥിരം സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പിതാവിന്റെ സ്മരണാര്‍ത്ഥം സുരേഷ് ഗോപി അടുത്ത വര്‍ഷം മുതല്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കുമെന്നും ചടങ്ങില്‍ പ്രഖ്യാപിച്ചു. ജമീല പ്രകാശം എം.എല്‍.എ.അദ്ധ്യക്ഷയായിരുന്നു. മുന്‍ മന്ത്രി എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി എം.എല്‍.എ, മേയര്‍ കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. ഉദയകുമാര്‍, അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രന്‍നായര്‍, അഡ്വ. എസ്. സുരേഷ്, ആര്.മോശ, കല്ലിയൂര്‍ പദ്മകുമാര്‍, എ.ഡി.എം. വിനോദ്, ശാന്തിവിള സുബൈര്‍, പൂങ്കുളം എസ്.കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.