പൂവാര്‍ പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്തെന്ന് ആരോപണം
Posted on: 30 Aug 2015
പൂവാര്‍: പൂവാര്‍ പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റിനെതിരെ മറ്റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയിലും ബഹളമുണ്ടായി.
കഴിഞ്ഞ ഒരു മാസമായി വാഹനം പഞ്ചായത്തില്‍ എത്തിച്ചിട്ടില്ല. ഇതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംഭവം പഞ്ചായത്ത് ഡയറക്ടറെ അറിയിക്കുമെന്ന് സെക്രട്ടറി അംഗങ്ങള്‍ക്ക് ഉറപ്പ് നല്കി.
കഴിഞ്ഞ ഒരുമാസമായി പഞ്ചായത്തില്‍ വാഹനം എത്തിയിരുന്നില്ല. തുടര്‍ന്ന് സെക്രട്ടറി ഡ്രൈവറോട് വിശദീകരണം തേടി. എന്നാല്‍ ഡ്രൈവര്‍ താക്കോല്‍ പ്രസിഡന്റിന് നല്‍കിയതായി മറുപടി നല്കി. എന്നാല്‍ വാഹനം അറ്റകുറ്റപ്പണിക്ക് കൊടുത്തുവെന്ന് പ്രസിഡന്റ് പറഞ്ഞെങ്കിലും അംഗങ്ങള്‍ ബഹളം െവച്ചു.
പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതി ഇല്ലാതെ പ്രസിഡന്റ് വാഹനം പാലക്കാട്ട് കൊണ്ടുപോയെന്നും ഇതിന് ഡ്രൈവറെ കൂട്ടാത്തതില്‍ ദുരൂഹതയുണ്ടെന്നുമാണ് അംഗങ്ങളുടെ വാദം. യാത്രക്കിടെ വാഹനം അപകടത്തില്‍ പെട്ടതായി സംശയിക്കുന്നതായും അംഗങ്ങള്‍ പറയുന്നു. അതുകൊണ്ടാണ് ഒരുമാസത്തിന് മുന്‍പ് അരലക്ഷം രൂപ മുടക്കിയ വാഹനം പഞ്ചായത്തില്‍ എത്തിക്കാതെ വീണ്ടും അറ്റകുറ്റപ്പണിക്ക് കയറ്റിയതെന്ന് അംഗങ്ങള്‍ പരാതിപ്പെടുന്നു.
എന്നാല്‍ പൂവാര്‍ പഞ്ചായത്തിന് മത്സ്യ സമൃദ്ധി പദ്ധതി പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങാനാണ് പാലക്കാട്ട് വാഹനത്തില്‍ പോയതെന്ന് പ്രസിഡന്റ് അഡ്വ. ആന്റോ മര്സലിന് പറയുന്നു. യാത്രയ്ക്ക് ഡ്രൈവര്‍ അസൗകര്യം അറിയിച്ചതിനാലാണ് മറ്റൊരു ഡ്രൈവറെ കൂട്ടിയതെന്നും പ്രസിഡന്റ് പറഞ്ഞു. തിരികെ എത്തിയ ശേഷമാണ് വാഹനം അറ്റകുറ്റപ്പണി നടത്താന്‍ വര്‍ക്ക് ഷോപ്പില്‍ പ്രവേശിപ്പിച്ചത്. ഈ വിവരം സെക്രട്ടറിയെ അറിയിച്ചതായും പ്രസിഡന്റ് പറഞ്ഞു.