ഓണാഘോഷത്തിനിടെ സഹോദരങ്ങള്‍ക്ക് കുത്തേറ്റു
Posted on: 30 Aug 2015
വെള്ളറട: അരിവാട്ടുകോണത്ത് ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന വടംവലിയെ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചു. സഹോദരങ്ങളായ രണ്ടുപേര്‍ക്ക് കുത്തേറ്റു. അക്രമികളില്‍ ഒരാളുടെ ബൈക്ക് അഗ്നിക്കിരയാക്കി. സംഘട്ടനവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. മണ്ണാംകോണം മൊട്ടലുമൂട് തോമ്പച്ചല് സജിന്ഭവനില് സജിന്‍(27), സഹോദരന് വിജില്‍(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിയൂര്‍ സ്വദേശികളായ സുബിന്, സുജിന്‍, ചെമ്പൂര് സ്വദേശികളായ ക്രിസ്റ്റല്‍ജോണ്‍, ക്രിസ്റ്റല്ജോയി, പുളിങ്കുടി സ്വദേശി ലാല്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അരിവാട്ടുകോണം അത്തപ്പൂക്കളം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ക്കിടയിലായിരുന്നു സംഘട്ടനം നടന്നത്. റോഡില്‍ വച്ച് വടംവലി നടക്കുന്നതിടയില് അമിതവേഗത്തില്‍ വന്ന തെറ്റിയറ സ്വദേശിയുടെ ബൈക്ക് സംഘാടകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കാറിലും ബൈക്കിലുമായി ആയുധങ്ങളുമായി എത്തിയവര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് അക്രമികള്‍ എത്തിയ ബൈക്ക് നാട്ടുകാര്‍ കത്തിച്ചത്.