ആറ്റിങ്ങലില്‍ ഗതാഗത നിയന്ത്രണത്തിന് കുട്ടിപ്പോലീസും
Posted on: 28 Aug 2015
ആറ്റിങ്ങല്‍: അവധിയും ഓണക്കളികളും മറന്ന് കുട്ടിപ്പോലീസ് ഗതാഗത നിയന്ത്രണത്തിന് ദേശീയ പാതയില്‍. ആറ്റിങ്ങല്‍ നഗരത്തിലെ കാഴ്ചയാണിത്. ഓണാവധിക്ക് സ്കൂളടച്ചെങ്കിലും പട്ടണത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസിനെ സഹായിക്കാനാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ രംഗത്തിറങ്ങിയത്.
ഓണക്കാലമായത്തോടെ വാഹന തിരക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ് ആറ്റിങ്ങല്‍. പോലീസ് ഉദ്യോഗസ്ഥര്‍, ട്രാഫിക് വാര്ഡന്മാര് എന്നിവര്‍ കൊടുംചൂടും ഇടയ്ക്കു പെയ്യുന്ന മഴയും അവഗണിച്ച് പട്ടണത്തിലെ ട്രാഫിക് കുരുക്കഴിച്ച് ഗതാഗതം സുഗമമാക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഒരു കൈസഹായവുമായാണ് കുട്ടിപ്പോലീസ് രംഗത്തെത്തിയത്.
ഏറ്റവും തിരക്കുപിടിച്ച കിഴക്കേ നാലുമുക്കില്‍ രാവിലെ 10 മണിമുതല്‍ 12 മണി വരെയാണ് കേഡറ്റുകള്‍ ട്രാഫിക് ജോലി ചെയ്തത്. ദിവസം മുഴുവനും ഈ ജോലി ഏറ്റെടുത്ത് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും കുട്ടിപ്പോലീസ് മറന്നില്ല.