ബി.എസ്.പി. പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍
Posted on: 28 Aug 2015
വര്‍ക്കല: വട്ടപ്ലാംമൂട് കോളനിയില്‍ ബി.എസ്.പി. പ്രവര്ത്തകന് സജി വെട്ടേറ്റുമരിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്തു. അച്ഛനും മക്കളുമുള്‍പ്പെടെ വട്ടപ്ലാംമൂട് കോളനി നിവാസികളായ 13 പേരാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഇവര്‍ ഒളിച്ചുതാമസിച്ചുവന്ന ആലപ്പഴ മണ്ണച്ചേരി അംബേദ്കര്‍ കോളനിയില്‍നിന്നാണ് പിടികൂടിയത്.
വട്ടപ്ലാംമൂട് കോളനി പുതുവല്‍വിള വീട്ടില്‍ പ്രഭാകരന്(43), മക്കളായ പ്രവീണ്‍(20), പ്രദീഷ്(19), നന്ദുവിലാസം വീട്ടില്‍ മണിലാല്‍(19), ലക്ഷ്മിലാന്ഡില് മനു(34), സുദിനവിലാസം വീട്ടില്‍ ലോഹിതന്‍(53), മകന് സുധീര്‍(19), മനോജ് വിലാസത്തില്‍ മനോജ്(37), നിജു വിലാസത്തില്‍ ഉണ്ണി(23), നന്ദുവിലാസത്തില് മണികണ്ഠന്(44), മുരങ്ങവിള വീട്ടില്‍ അജിലാല്‍(26), മുരിങ്ങവിള വീട്ടില്‍ മനു(19), നിതിന്‍ വിലാസത്തില്‍ നിതിന്‍(21) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെ വട്ടപ്ലാംമൂട് പാലവിള ക്ഷേത്രത്തിന് സമീപമാണ് സജിവിലാസത്തില്‍ സജി(19) വെട്ടേറ്റ് മരിച്ചത്. സജിയുമായി നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ആയുധങ്ങളുമായി എത്തിയ സംഘം സജിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ സജി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒളിവില്‍പ്പോയ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ആലപ്പുഴ മണ്ണച്ചേരിയിലുണ്ടെന്ന് മനസ്സിലാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കോളനിയിലെത്തി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം റൂറല്‍ എസ്.പി. കെ.ഷെഫീന്‍ അഹമ്മദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്.പ്രതാപന്‍നായരുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല സി.ഐ. ബി.വിനോദിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജു, മുരളി, ജ്യോതിഷ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം നടന്ന ദിവസവും മുമ്പുള്ള ദിവസങ്ങളിലും വട്ടപ്ലാംമൂട് കോളനിയില്‍ സി.പി.എം.- ബി.എസ്.പി. സംഘര്‍ഷമുണ്ടായിരുന്നു. പ്രതികളിലധികവും സി.പി.എം. അനുഭാവികളാണെന്നാണ് അറിയുന്നത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.