നെയ്യാര്‍ ഡാമില്‍ ഓണാഘോഷം ഇന്ന് തുടങ്ങും; ഘോഷയാത്ര 31ന്
Posted on: 27 Aug 2015
കാട്ടാക്കട: നെയ്യാര്‍ഡാമിലെ ഓണാഘോഷം വ്യാഴാഴ്ച തുടങ്ങും. 31ന് വൈകീട്ട് ഘോഷയാത്രയോടെയാണ് സമാപനം. കള്ളിക്കാട് പഞ്ചായത്തും സര്‍ക്കാരും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നെയ്യാര്‍ഡാമില്‍ വൈദ്യുത ദീപാലങ്കാരം നടത്തും. എല്ലാ ദിവസവും വൈകീട്ട് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളും ഉണ്ടാകും.
27ന് രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാര്‍ പതാക ഉയര്‍ത്തും. വൈദ്യുത ദീപാലങ്കാരം എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 31ന് വൈകീട്ട് 4ന് കള്ളിക്കാട്ട് നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ഡോ.ടി.എന്‍.സീമ എം.പി. ഫ്ലാഗ് ഓഫ് ചെയ്യും .
മൂവായിരത്തിലേറെ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ കേരളീയ വേഷത്തില്‍ അണിനിരക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ശിവാനന്ദ ആശ്രമം, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, ഫ്ലോട്ടുകള്‍, കലാ പ്രകടനങ്ങള്‍ എന്നിവയുണ്ടാകും .
സമാപന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എല്ലാ ദിവസവും വൈകീട്ട് 6.30നാണ് കലാ പരിപാടികള്‍.
28ന് നാടകം, 29ന് കരോക്കെ ഗാനമേള, 30ന് നൃത്തസന്ധ്യ, 31ന് കോമഡി ഷോ.