വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു
Posted on: 27 Aug 2015
വെള്ളറട: ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവും ആവശ്യത്തിന് മരുന്നില്ലാത്തതും വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. ഒ.പി.യില്‍ എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഐ.പി. വിഭാഗത്തിലെ കിടക്കകള്‍ ഭൂരിഭാഗവും ഒഴിഞ്ഞനിലയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഏറെ കൊട്ടിയാഘോഷിച്ച് മന്ത്രി ഉദ്ഘാടനം നടത്തിയ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനവും നിലച്ചു തുടങ്ങി. ആശുപത്രിയുടെ ശോച്യാവസ്ഥ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരനടപടികള്‍ വൈകുന്നതായി ആക്ഷേപം. വെള്ളറട, അമ്പൂരി, ആര്യങ്കോട്, കുന്നത്തുകാല്‍ തുടങ്ങിയ മലയോര ഗ്രാമപ്പഞ്ചായത്തുകളിലെയും, അതിര്‍ത്തിഗ്രാമങ്ങളിലെയും രോഗികളുടെ ആശാകേന്ദ്രമാണ് ഈ ആശുപത്രി. 24 മണിക്കൂറും ഡോക്ടറുമാരുടെ സേവനം ഉറപ്പാക്കിയിരുന്ന ഈ ആശുപത്രിക്ക് സംസ്ഥാനസര്‍ക്കാരിന്റെ കാഷ് പദവിയും ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ അവയെല്ലാം തകിടം മറിഞ്ഞനിലയിലായി.
ദിവസേന അഞ്ഞൂറിലധികം രോഗികള്‍ ഒ.പി.യില്‍ വന്നിരുന്ന സ്ഥാനത്തിപ്പോള്‍ എണ്ണം നേര് പകുതിയായി കുറഞ്ഞു. കൂടാതെ കിടപ്പ്രോഗികളുടെ എണ്ണവും മുമ്പ് ഉണ്ടായിരുന്നതിന്റെ പകുതിയായി. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സി.എച്ച്.സി. യായും പിന്നീട് മാതൃകാശുപത്രിയായും ഉയര്‍ത്തിയെങ്കിലും ജിവനക്കാരുടെ എണ്ണം കുറവാണ്. സംസ്ഥാനത്തെ പേവാര്‍ഡ് സൗകര്യമുള്ള ചുരുക്കം ചില സി.എച്ച്.സി. യില്‍ ഉള്‍പ്പെട്ടതാണ് ഈ ആശുപത്രി.
രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരും നാല് എന്‍.ആര്.എച്ച്.എം. ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാരുമാണ് ഇപ്പോള്‍ ഡ്യൂട്ടിക്കുള്ളത്. ഇതില്‍ ഗൈനക്കോളജി ഡോക്ടറുടെ സേവനം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണുള്ളത്. മുമ്പ് ഇവിടെ ഉണ്ടായിരുന്ന നാല് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ തസ്തികയില്‍ ഒരെണ്ണം വെട്ടിക്കുറച്ച് വിതുരയിലെ ആശുപത്രിയിലേക്ക് മാറ്റിയത് ഇതേവരെ പുനഃസ്ഥാപിച്ചില്ല. കൂടാതെ വിരമിച്ച സിവില്സര്ജന്റെ ഒഴിവും നികത്താത്തതുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. സമാനമായ തരത്തില്‍ നഴ്സുമാരുടെ കുറവും ഇതേവരെ പരിഹരിച്ചിട്ടില്ല.
മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനവും ദയനീയമാണ്. പരിശീലനം ലഭിച്ച നഴ്സുമാരെ ഇവിടെ നിയമിക്കാത്തതും, ശിശുരോഗ, അനസ്തേഷ്യാ ഡോക്ടര്‍മാരുടെ അഭാവവും ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നു. കൂടാതെ ഓപ്പറേഷന് തിയേറ്ററിലെ സൗകര്യങ്ങളും ഏറെ പരിമിതമാണ്. ജനറേറ്റര്‍ ഇതേവരെ സ്ഥാപിച്ചിട്ടില്ല. ഇക്കാരണത്താല്‍ വൈദ്യുതി പോയാല്‍ ആശുപത്രിയും പരിസരവും ഇരുട്ടിലാണ്. ആശുപത്രി കോമ്പൗണ്ടിലെ സര്‍ക്കാര്‍വക മെഡിക്കല്‍സ്റ്റോറും നോക്കുകുത്തിയായി മാറിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ എഴുതി നല്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും പുറത്തുള്ള കടകളില്‍നിന്ന് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് രോഗികള്‍.
കൂടാതെ പേവാര്ഡിലെയും, പരിസരത്തുമുള്ള ടോയ്ലറ്റുകളും ഇടയ്ക്കിടെ പ്രവര്‍ത്തനരഹിതമാകുന്നത് രോഗികളെയും, ലാബില്‍ പരിശോധനയ്ക്ക് എത്തുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഈ ആശുപത്രിയുടെ കുറച്ചകലെയായി സ്വകാര്യ ക്ലിനിക്ക് ഉയര്‍ന്നതാണ് ഇവിടത്തെ രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതോടെ ആശുപത്രിയിലെ വരുമാനവും കുറഞ്ഞുതുടങ്ങിയത് എച്ച്.എം.സി. യുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവര്‍ നിയമിച്ച 22ഓളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള തുക കണ്ടെത്തുകയെന്നതും ഏറെ പ്രയാസകരമാകുന്നതായി അംഗങ്ങള്‍ പറയുന്നു. അടിസ്ഥാനസൗകര്യമൊരുക്കിയാല്‍ ഈ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്താമെന്ന വാഗ്ദാനവും ഇതോടെ പാഴായി.