തിരുവനന്തപുരം: മൃഗശാലയിലെ അനകോണ്ടകളിലെ ഏക ആണ് പാമ്പായ ദില്ലിനെയും കൂട്ടുകാരികളെയും ഇനി പുതിയ കൂട്ടില്‍ കാണാം. ബുധനാഴ്ചയാണ് പാമ്പുകളെ പുതിയ കൂട്ടില്‍ പ്രദര്‍ശിപ്പിച്ചത്. മന്ത്രി കെ.സി.ജോസഫ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മന്ത്രി പി.കെ.ജയലക്ഷ്മി മ്യൂസിയം മൃഗശാല വകുപ്പിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു. വനസദൃശ്യമായ കൂട്ടിലാണ് പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ ദഹിവാല മൃഗശാലയില്‍ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഏഴ് അനകോണ്ടകളെ മൃഗശാലയിലെത്തിച്ചത്. ഒരു ആണും ആറ് പെണ്ണുമാണുള്ളത്. 33 കിലോ ഭാരവും 11 അടി നീളവുമുള്ള ദില്ലാണ് ഇവയില്‍ ഏറ്റവും വലുത്. കാടിന്റെ അന്തരീക്ഷത്തിലുള്ള കൂടുകളില്‍ രണ്ടെണ്ണം അനകോണ്ടള്ക്കും രണ്ടെണ്ണം രാജവെമ്പാലകള്ക്കുമാണ്. ആറെണ്ണം ചെറിയ പാമ്പുകള്‍ക്കും.
ആദ്യത്തെ വലിയകൂട്ടില് ദില്‍, അരുന്ധതി, രമണി എന്നിവയും രണ്ടാമത്തെ കൂട്ടില്‍ എയ്ഞ്ചലാ, റൂത്ത്, രേണുക, ഗംഗ എന്നിവയുമാണ്. തൊട്ടടുത്ത കൂട്ടില്‍ ഏക പെണ്രാജവെമ്പാലയായ റോസി. 2.18 കോടിരൂപ ചെലവാക്കിയാണ് കൂടിന്റെ നിര്‍മാണം നടത്തിയത്.
സിഡ്കോയുടെ ഉപകരാര്‍ കമ്പനിയായ തിരുവനന്തപുരം ഡി.എന്‍.എ. ക്രിയേറ്റീവിലെ അന്‍വര്‍, ദിലീപ്ഖാന് എന്നിവരാണ് കൂടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കൂടുകളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അനകോണ്ടകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് കൂടിന്റെ നിര്‍മാണം. പാറക്കെട്ടുകളും അരുവിയും ഒക്കെ ഇതിലുണ്ട്. പ്രവേശനകവാടത്തില്‍ വിവിധയിനം പാമ്പുകളെയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ അനകോണ്ടകള് പ്രസവിക്കാന്‍ ഇടയുണ്ടെന്ന് മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍ പറഞ്ഞു.
കെ. മുരളീധരന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, കൗണ്‍സിലര്‍ ലീലാമ്മ ഐസക്, ഡയറക്ടര്‍ കെ. ഗംഗാധരന്, സൂപ്രണ്ട് സദാശിവന് പിള്ള എന്നിവര്‍ പങ്കെടുത്തു.