കഴക്കൂട്ടം എഫ്.സി.ഐ. യില്‍ പണിമുടക്ക്: ഓണത്തിന് റേഷന്‍വിതരണം മുടങ്ങും
Posted on: 26 Aug 2015
കഴക്കൂട്ടം: കഴക്കൂട്ടം എഫ്.സി.ഐ. യില്‍ അഞ്ചു ദിവസമായി മൊത്തവിതരണ വ്യാപാരികളും കയറ്റിറക്ക് തൊഴിലാളികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പണിമുടക്കിലേക്ക്. ജില്ലയിലെ തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളിലേക്കാണ് ഇവിടെ നിന്ന് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്നത്. മൊത്തവിതരണ വ്യാപാരികള്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എടുക്കാതായതോടെ ജില്ലയിലെ പല കേന്ദ്രങ്ങളിലും റേഷന്‍ വിതരണം താറുമാറായിരിക്കുകയാണ്. അഞ്ചുദിവസമായി ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത് നിലച്ചിരിക്കുന്നു. ഇതോടെ ഓണത്തിന് റേഷന്‍കടകളില്‍ റേഷന്‍ വിതരണം മുടങ്ങും. കഴിഞ്ഞ ഇരുപതാം തീയതി കയറ്റിറക്ക് തൊഴിലാളികളും മൊത്തകച്ചവടവ്യാപാര സംഘടന പ്രതിനിധിയുമായുണ്ടായ തര്‍ക്കമാണ് പണിമുടക്കില്‍ കലാശിച്ചത്.
എ.ഡി.എമ്മിന്റെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്ന് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാവുകയും ലോഡ് കയറ്റുന്നതിന് വ്യാപാരികള്‍ എത്തി. എന്നാല്‍ തുമ്പ സ്റ്റേഷനില്‍ മൊത്തവിതരണവ്യാപാരി പ്രതിനിധി നല്കിയ പരാതിയില്‍മേല്‍ കേസെടുത്തതറിഞ്ഞ് ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ലംഘനമാണെന്ന് ആരോപിച്ച് തൊഴിലാളികള്‍ ചൊവ്വാഴ്ച പണിമുടക്കുകയായിരുന്നു. എന്നാല്‍ ഇവിടെനിന്ന് കൊണ്ടുപോകുന്നത് സപ്തംബര്‍ മാസത്തേക്കുള്ളതാണെന്നും ആഗസ്ത് മാസത്തേക്കുള്ളത് റേഷന്‍കടകളില്‍ സ്റ്റോക്കുണ്ടെന്നും എഫ്.സി.ഐ. ഡിപ്പോ മാനേജര്‍ പറയുന്നു.