ഫോട്ടോപതിച്ച റേഷന്‍കാര്‍ഡ് വിവരശേഖരണത്തില്‍ വ്യാപകതെറ്റ്
Posted on: 26 Aug 2015
സര്‍ക്കാര്‍ സര്‍വീസിലുള്ളയാള്‍ കൊല്ലപ്പണിക്കാരിയായി
നെടുമങ്ങാട്: ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡിനായി ശേഖരിച്ച വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍ വ്യാപക തെറ്റുകള്‍. സ്ത്രീകളുടെ പേരിലാണ് റേഷന്‍ കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ വീട്ടമ്മമാരായ പല സ്ത്രീകളുടെയും പേരില്‍ വലിയ വരുമാന തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാരുടെ വരുമാനം പൂജ്യമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പബ്ലിക് സര്‍വീസ് കമ്മിഷനില്‍ ജോലിയുള്ള ആനാട് മൈത്രിയില്‍ സുധാകുമാരിയുടെ റേഷന്‍ കാര്‍ഡിന്റെ പ്രിന്റില്‍ വിചിത്രമായ വിവരങ്ങളാണുള്ളത്. സര്‍ക്കാര്‍ ജോലിയുള്ള സുധാകുമാരിക്ക് കൊല്ലപ്പണിയും കര്‍ഷകനായ ഭര്‍ത്താവിന് കൈത്തറി തൊഴിലും, വിദ്യാര്‍ത്ഥിനികളായ മക്കള്‍ക്ക് പായനെയ്ത്ത് തൊഴിലും സഹോദരിക്ക് മണ്‍പാത്ര നിര്‍മ്മാണവുമാണ് തൊഴിലിന്റെ കോളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരിയുടെ വരുമാനം പൂജ്യമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതത് കാര്‍ഡുടമകള്‍ക്ക് അവരുടെ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് നല്കിയ അവസരം ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് തെറ്റുകളുടെ കൂട്ടം കണ്ടെത്തിയത്. റേഷന്‍ കാര്‍ഡിന്റെ കോപ്പിയില്‍ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ സൈറ്റില്‍ തിരുത്തല്‍ രേഖപ്പെടുത്തുന്നതിനുള്ള അവസരം നല്‍കിയിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്നും അറിയിച്ചു.