തോളത്തൊരു ബാഗും കൈയില്‍ കത്തുകളുമായി പോസ്റ്റ്മാന് മാവേലി
Posted on: 26 Aug 2015
കൊച്ചി: പള പള മിന്നുന്ന കുപ്പായം, കൈകളിലും കഴുത്തിലും കല്ലും മുത്തും പതിച്ച ആടയാഭരണങ്ങള്‍, വളഞ്ഞുകൂര്‍ത്ത പാദുകം... ഇത്രയുമുണ്ടെങ്കില്‍ മാവേലിയാവാം. എന്നാല്‍ കൈയില്‍ കത്തുകളുടെ കെട്ടും തോളില്‍ ഇന്ത്യ പോസ്റ്റ് എന്ന ബാഗും കൂടിയായാലോ? എറണാകുളം ഷണ്മുഖം റോഡ് പോസ്റ്റ് ഓഫീസിലെ ഓണാഘോഷത്തിനാണ് പോസ്റ്റ്മാന് മാവേലിയായി പഴയ കീഴ്വഴക്കങ്ങളൊന്നും തെറ്റിക്കാതെ എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാവേലിയുടെ വേഷമണിഞ്ഞ് കത്ത് കൊടുക്കുന്ന പതിവ് ഇത്തവണയും തുടരുകയായിരുന്നു. 17 പോസ്റ്റ്മാന്മാരുള്ള ഓഫീസില്‍ നിന്ന് ഒരു പോസ്റ്റ്മാന് മാവേലിയായി വേഷംകെട്ടിയാണ് വിതരണത്തിന് പോയത്. റോഡില്‍ പോസ്റ്റ്മാന് മാവേലിയിറങ്ങിയതോടെ സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ കൂട്ടയിടിയായി.
പോേസ്റ്റാഫീസ് സ്ഥിതി ചെയ്യുന്ന കോംപ്ലക്സിലെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണയും മാവേലിത്തമ്പുരാനെത്തിയത്. പുതുവൈപ്പ് സ്വദേശിയായ പ്രേംനാഥാണ് മാവേലിയായി വേഷമിട്ടത്. കഴിഞ്ഞ ആറുവര്‍ഷമായി മാവേലിയുടെ വേഷമിടുന്നത് സഹ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട പ്രേമേട്ടനാണ്. പതിവ് തെറ്റിക്കാതെ ബുള്ളറ്റില്‍ തന്നെയാണ് കത്ത് കൊടുക്കേണ്ട സ്ഥാപനങ്ങളില്‍ വന്നിറങ്ങിയത്. ഓരോ സ്ഥാപനത്തിലേക്ക് കടക്കുമ്പോഴും മാവേലിയുടെ പൊട്ടിച്ചിരിയാണ് ഉണ്ടായത്. എന്നും കാണാറുള്ളവര്‍ കൗതുകപൂര്‍വം കത്ത് കൈപ്പറ്റി. രാധാകൃഷ്ണന് എന്നയാളാണ് മാവേലിയാകാന്‍ സഹായിച്ചത്.