കാടിനുള്ളില്‍ നന്മയുടെ ഓണക്കൂട്ടം
Posted on: 26 Aug 2015
പാലോട്: കാട്ടുപൂക്കള്‍ മാത്രം കൊണ്ടൊരുക്കിയ പൂക്കളം, പ്ലൂച്ചി വള്ളികൊണ്ട് ഒരു ഊഞ്ഞാല്, പാരമ്പ്യംകൈവിടാത്ത തുമ്പിതുള്ളല്‍, മലമ്പാട്ടിന്റെ മുത്തശ്ശിക്ക് ആദരാഞ്ജലി...കാടിനുള്ളിലെ ഒറ്റപ്പെട്ട വിദ്യാലയത്തിലെ കുട്ടികളുടെ ഓണാഘോഷം വേറിട്ടതായി. ചെന്നല്ലിമൂട് ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളാണ് പാരമ്പര്യത്തനിമയില്‍ ഓണം ആഘോഷിച്ചത്.
ഒറ്റമുറിമാത്രമുള്ള വിദ്യാലയമുറ്റത്താണ് കാട്ടില്‍നിന്ന് ശേഖരിച്ച പൂക്കള്‍കൊണ്ട് കുട്ടികള്‍ പൂക്കളമൊരുക്കിയത്. കാട്ടുതെറ്റി, തുമ്പ, മുക്കുറ്റി, വാടാമലര്, പച്ചിലകള്‍ എന്നിവയായിരുന്നു പൂക്കളത്തില്‍. മാത്തിമുത്തിയുടെ മകള്‍ കറുമ്പി, കുമാരി എന്നിവര്‍ ചേര്‍ന്ന് നടത്തിയ തുമ്പിതുള്ളല്‍ പുത്തന്‍ തലമുറയ്ക്ക് ആവേശമായി. പാലോട് പ്രസ്സ് ക്ലബ് എല്ലാപേര്‍ക്കും ഓണക്കോടി സമ്മാനമായി നല്കി. അന്തരിച്ച മലമ്പാട്ടിന്റെ മുത്തശ്ശി മാത്തിമുത്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ചെന്നല്ലിമൂട്, കാട്ടിലക്കുഴി, കല്ലണക്കരിക്കകം, ഈട്ടിമൂട്, പോലീസ്കുന്ന് തുടങ്ങിയ ആദിവാസി ഊരുകളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലൂസുകളിലായി 22 കുട്ടികളുണ്ട്. നസീറ ടീച്ചറാണ് കാടുകടന്ന് ഇവിടെ പഠിപ്പിക്കാനെത്തുന്നത്.