കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
Posted on: 25 Aug 2015
തിരുവനന്തപുരം: ബാലരാമപുരം സ്വദേശി ഹമീദ് കണ്ണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കരടി ഇമാം എന്ന ഇമാമുദ്ദീനെ കോടതി ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴത്തുക ഹമീദ് കണ്ണിന്റെ ഭാര്യ ഹലീല ബീവിക്ക് നല്കാന് കോടതി ഉത്തരവിട്ടു.
ഒന്നാം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി.ഇന്ദിരയുടേതാണ് ഉത്തരവ്.
2006 ഏപ്രില്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ചാല കരീംസ് ജങ്ഷനില്െവച്ചാണ് ഹമീദ് കണ്ണിനെ പ്രതി കുത്തി കൊലപ്പെടുത്തിയത്. ഹമീദ് കണ്ണിനൊപ്പം സഹായി ഷാഹുല്‍ഹമീദും ഉണ്ടായിരുന്നു. ഷാഹുല്‍ഹമീദിനും കൊലയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം ഇയാളെ രണ്ടാം പ്രതിയാക്കിയിരുന്നു. വിചാരണയ്ക്കിടെ ഇയാള്‍ മരിച്ചു.
ഹമീദ് കണ്ണിന്റെ സഹോദരനെ കരടി ഇമാം നേരത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കോടതിയില്‍ ഈ കേസ് ഊര്‍ജ്ജിതമാക്കിയത് ഹമീദ് കണ്ണാണെന്ന വിശ്വാസത്തിലാണ് പ്രതി ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനുവേണ്ടി കോവളം സി.സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.