അധ്യാപനത്തിലും കൃഷിയിലും മാതൃകയായി അംബികകുമാരി
Posted on: 25 Aug 2015
കിളിമാനൂര്‍: അധ്യാപനത്തിലെ മികവ് കൃഷിയിലും തെളിയിച്ച് മാതൃകയാവുകയാണ് കിളിമാനൂര്‍ സ്വദേശി കെ.സി.അംബികകുമാരി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ജോലി ചെയ്യുമ്പോള്‍ അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കിളിമാനൂര്‍ ചെങ്കിക്കുന്ന് അകത്തളത്തില്‍ അംബികകുമാരിയെ തേടി ഇപ്പോള്‍ കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡുമെത്തി.
അധ്യാപകജോലിയുടെ തിരക്കൊഴിഞ്ഞ ശേഷമാണ് കൃഷിയിലേക്ക് ശ്രദ്ധതിരിക്കാന്‍ തോന്നിയത്. വീടിനോട് ചേര്‍ന്ന രണ്ടേക്കര്‍ വസ്തുവിലെ മുഴുവന്‍ റബ്ബര്‍ മരങ്ങളും മുറിച്ച് മാറ്റി അവിടെ വാഴ, ചേന, ചേമ്പ്, ഇഞ്ചി, സവാള, കാരറ്റ്, ബീറ്റ്റൂട്ട് എന്നുവേണ്ട പച്ചക്കറികളുടെ വിപുലമായ ശേഖരം തന്നെ പറമ്പിലൊരുക്കി. മീനമാസത്തിലെ സൂര്യന് തളര്‍ത്തിയ ചെടികളുടെ ദാഹമകറ്റാന്‍ ദിവസവും മൂവായിരം ലിറ്റര്‍ വെള്ളം പുറത്തുനിന്ന് വാങ്ങേണ്ടിവന്നു. എല്ലാത്തിനും സഹായിക്കാന്‍ പുറംപണിക്കാരനായ രാഘവനും ചേര്‍ന്നപ്പോള്‍ പറമ്പ് പൂത്തുലഞ്ഞു.
ഇരുപതില്‍ അധികം ഫലവൃക്ഷങ്ങള്‍, കരനെല്ല്, ഉഴുന്ന്, മുതിര, പെരുംപയര്‍, എള്ള് തുടങ്ങിയ ധാന്യങ്ങള്‍ സുഗന്ധദ്രവ്യങ്ങളായ ഗ്രാമ്പു, ജാതി, കറുവ, കുരുമുളക്, ഇരുപതോളം ഇനത്തിലെ വാഴകള്‍ തുടങ്ങിയവ തികച്ചും നാടന്‍ രീതിയില്‍ ജൈവ കൃഷിയാണ് ഇവിടെ നടക്കുന്നത്. നമ്മുടെ നാട്ടിലും ചോളം കൃഷി െചയ്യാമെന്ന് പറമ്പിലെ വിളഞ്ഞ് പഴുത്ത ചോളം കാട്ടി നമ്മളെ ബോധ്യപ്പെടുത്തും. ഇപ്പോള്‍ ഇരുന്നൂറിലധികം തെങ്ങിന്‍തൈകളും നട്ടിട്ടുണ്ട.്
പച്ചക്കറികൃഷിക്ക് പുറമെ സമീപത്തുള്ള പുരയിടത്തില്‍ നാനൂറോളം ഔഷധസസ്യങ്ങളുടെ ഒരു തോട്ടവും അംബികകുമാരി ഒരുക്കിയിട്ടുണ്ട്. കാലത്തിന്റെ കൈകടത്തുകളില്ലാതെ അവയെ നാളത്തേക്കായി സൂക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
തിരുവനന്തപുരം പട്ടത്ത് മകനോടൊപ്പമാണ് ഇപ്പോള്‍ അംബികകുമാരി താമസമെങ്കിലും കൃഷിക്ക് വേണ്ട നിര്‍ദേശങ്ങളുമായി മിക്ക ദിവസവും കിളിമാനൂരിലെ വീട്ടിലെത്താറുണ്ട്. കൃഷിക്ക് പുറമെ കോട്ടണ്‍ഹില്‍ സ്കൂളിലെ ഓള്‍ഡ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് സെക്രട്ടറി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തിരുവനന്തപുരം ഡിസ്ട്രിക്ട് കമ്മിഷണര്‍ എന്നീ നിലകളിലും സജീവസാന്നിധ്യമാണ് അവര്‍.