അഴകിനെ കണ്ട്... അദ്ഭുതത്തെ തൊട്ട്...
Posted on: 25 Aug 2015
നീല ഞരമ്പോടിയ പോലെ പെരുമാതുറയിലേക്കുള്ള പാത. ഉച്ച പൊള്ളിക്കിടക്കുന്നു അതില്‍. വീശിയടിക്കുന്ന കടല്‍ കാറ്റും കായലലകളും ഒഴിച്ചാല്‍ വീഥി വിജനം. കായലിനും കടലിനുമിടയില്‍ നേര്‍രേഖ കണക്കെ കിടക്കുന്ന റോഡിന്റെ ഇരുവശത്തും നിരനിരയായി വീടുകള്‍.
മുന്നോട്ട് പോകവെ ചിലര്‍ തെങ്ങിന് ചുവടുകളിലിരുന്ന് വല നെയ്തെടുക്കുന്നതും ചിലര്‍ വിശ്രമിക്കുന്നതും കണ്ടു. പൂത്തുറയില്‍ എത്തിയപ്പോള്‍ ഒരാള്‍ക്കൂട്ടം നിരത്തില്‍. കടലിലേക്ക് നോക്കിയാണ് അവരുടെ നില്പ്. അന്വേഷിച്ചപ്പോള്‍ അല്പം മുമ്പ് അവര്‍ നിന്ന ഭാഗത്ത് കൂടെ കടല്‍ത്തിര പാഞ്ഞ് പോയതിന്റെ അടയാളം കാട്ടിത്തന്നു. കാല്പ്പടത്തിലൂടെ ഒരു തരിപ്പ് മിന്നലായ് പടര്‍ന്നു. ഭയത്തിന്റെ തിരസ്പര്‍ശം ഉള്ളില്‍ കനത്തു. ഇവിടെ കടല്‍ത്തീരം കുറവാണ്. അതുകൊണ്ട് തന്നെ കടലാക്രമണം പതിവായിരിക്കുന്നു.
പെട്ടെന്നാണ് കരിമേഘങ്ങള്‍ക്കൊപ്പം വന്ന മഴ ഉച്ചയെ മറച്ച് പെയ്തുതുടങ്ങിയത്. ഓടിക്കയറിയത് അക്ഷരത്തിന്റെ കൊച്ച് കൂടാരത്തിലേക്കായിരുന്നു. ഫാ.തോമസ് കേച്ചേരി സ്മാരക ഗ്രന്ഥശാലയിലേക്ക്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പടയ്ക്കിറങ്ങിയ വൈദികനായിരുന്നു കേച്ചേരി. അച്ചന്റെ ഓര്‍മകളുള്ള ഈ വാക്കിന്റെ പുര തുറന്നിട്ട് അധികനാളായിട്ടില്ല. രണ്ട് കുട്ടികള്‍ അവിടെയിരുന്ന് പുസ്തകം വായിക്കുന്നുണ്ട്. അവര്‍ അടുത്ത് തന്നെ താമസിക്കുന്നവരാണ്. കുട്ടികളോട് വര്‍ത്തമാനം പറഞ്ഞിരിക്കെ മഴയുടെ മൊഴികള്‍ അവസാനിച്ചു. പതിയെ പുറത്തിറങ്ങി. പെരുമാതുറ ഭാഗത്തേക്ക് വീണ്ടും നടന്നു തുടങ്ങി. താഴംപള്ളിയിലേക്ക് കടക്കവെ റോഡരികില്‍ അങ്കണവാടിയുടെ ഒരു ബോര്‍ഡ് കണ്ടു. ഇപ്പോള്‍ ഇവിടെ ക്ലൂസില്ല. കടല്‍ എപ്പോഴും ക്ലൂസിനുള്ളിലേക്ക് വരുന്നതിനാല്‍ കുട്ടികളെ അങ്കണവാടിയില്‍ ഇരുത്താനാകാത്തത് കാരണം മറ്റൊരിടത്താണ് പഠനം. താഴംപള്ളി തീരുകയാണ്. മുതലപ്പൊഴിയാണ് ഇനി. ഇവിടെ പെരുമാതുറ പാലം തുടങ്ങുന്നു.
മറുകരയിലേക്ക് അതിന്റെ ഉശിരന്‍ ശിഖരങ്ങള്‍ നീണ്ട് കിടക്കുന്നു. ഒരു വലിയ യാത്രയിലേക്കുള്ള, ഒരു വലിയ കാലത്തിലേക്കുള്ള, അദ്ഭുതത്തിലേക്കുള്ള കുതിപ്പിന്റെ സഞ്ചാരവീഥി ഒരുങ്ങിക്കിടക്കുകയാണ് കണ്മുന്നില്. ഒരു വഴി എങ്ങനെയാണ് ഒരു സമൂഹത്തിന്റെ സ്വപ്നങ്ങളെ, പ്രതീക്ഷകളെ തിരുത്തിക്കുറിക്കുക എന്നതിന്റെ തെളിവായിട്ടാകും ഈ പാലത്തെ നാളെ കാലം അടയാളപ്പെടുത്തുക. പാലത്തിലേക്ക് പതിയെ പദമൂന്നി. കയറിയത് നീലവാനത്തിന്റെ ചോട്ടിലേക്കാണോ, അതോ നീലത്തിരകളുടെ മടിത്തട്ടിലേക്കോ...അറിയില്ല. ഒരു വശത്ത് അഞ്ച്തെങ്ങ് കായല്‍ അതിന്റെ സമസ്തഭംഗിയോടെ നീരാടുന്നു. മറുവശത്ത് കടല്‍ അതിന്റെ എല്ലാ കമനീയതയോടെയും വിസ്മയിപ്പിക്കുന്നു..കണ്ണെത്തുന്നില്ല രണ്ടിടത്തേക്കും. എവിടേക്കാണ് ആദ്യം നോക്കേണ്ടത്. സംശയമായി. വിശാലമായി പാലം കിടക്കുന്നു. ചുറ്റും ആള്ത്തിരക്കായിക്കഴിഞ്ഞിരിക്കുന്നു. പാലത്തിന് മുകളില്‍ നിന്നുള്ള കാഴ്ചതേടിയെത്തിയ ജനമാണ്. അവര്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര ആഹ്ലൂദത്തിലാണ്. സംഘമായി ദൂരസ്ഥലങ്ങളില്‍ നിന്ന് വരെ എത്തിയവര്‍. ഈ പാലം തുറന്നാല്‍ ഇനിയെന്നും ഞങ്ങള്‍ ഇവിടെ സന്ദര്‍ശകരായി കാണുമെന്ന് അവര്‍ പറയാതെ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഇതിലുണ്ട്. പാലത്തിലൂടെയാണ് നടത്തം. എത്രയോ ജന ലക്ഷങ്ങളുടെ ജീവ പാതയാകേണ്ടതാണ് ഈ വഴിയെന്നോര്ത്തപ്പോള് അഭിമാനംതോന്നി. പാലം താഴംപള്ളിയില്‍ നിന്ന് പെരുമാതുറ തൊടാന്‍ പോവുകയാണ്.
അല്പം ഇറക്കമാണ്. നടത്തം തൊട്ടപ്പുറത്തുള്ള പെരുമാതുറയിലെ പുതിയ ബീച്ചിലേക്കാണ്. അവിടെയും വന്‍ തിരക്ക്. ഒരു ബീച്ചിന്റെ എല്ലാഅഴകും ഈ തീരം കാക്കുന്നു. അവധി ആഘോഷത്തിനെത്തിയവരാണ് അധികവും. കടലില്‍ കുറെ ചെറുപ്പക്കാര്‍ തിമിര്‍ത്തു കുളിക്കുന്നു. അത് കണ്ട് കൊതിച്ചുവെങ്കിലും തിരയിലിറങ്ങി നനഞ്ഞ് തിരികെ നടന്നു. പണ്ട് താഴംപള്ളി, ചിറയിന്‍കീഴ് നിവാസികള്‍ക്ക് തൊട്ടപ്പുറത്തുള്ള പെരുമാതുറ പോകണമെങ്കില്‍ കടത്തുകാരനെ ആശ്രയിക്കണമായിരുന്നു. പെരുമാതുറയില്‍ നിന്ന് മുതലപ്പൊഴിയിലേക്കോ അഞ്ചുതെങ്ങിലേക്കോ വരാന്‍ അഴൂര്‍ ഗണപതിയാം കോവില്‍ വഴി കടയ്ക്കാവൂരിലൂടെ 15 കിലോമീറ്ററോളം ചുറ്റണം. ഇതിനിടയില്‍ ചിറയിന്‍കീഴ്, ശാര്‍ക്കര, മഞ്ചാടിമൂട്, അഴൂര്‍ എന്നീ 4 റെയില്‍വേ ഗേറ്റുകള്‍ കോട്ടവാതിലുകള്‍ പോലെയുണ്ട് തടസ്സങ്ങളുമായി. ഇപ്പോള്‍ ഈ പ്രതിസന്ധികള്‍ അവസാനിക്കുകയാണ്. കൊല്ലം മുതല്‍ തിരുവനന്തപുരത്തേക്കുള്ള തീര പാത ഇതുവരെ സാധ്യമാകാത്തത് ഈ പാലം വരാത്തതിനാലായിരുന്നു. ആ സ്വപ്നവും നടക്കാന്‍ പോകുന്നു. ദേശീയ പാതയ്ക്കൊരു സമാന്തര പാത അല്ലെങ്കില്‍ ഒരു തീരദേശ ഹൈവേ ഇതും ഇനി നടപ്പാക്കാന്‍ എളുപ്പമാണ്. വിഴിഞ്ഞം തുറമുഖം വരവേ കൊച്ചി, തങ്കശ്ശേരി, നീണ്ടകര, ചിലക്കൂര്‍, മുതലപ്പൊഴി എന്നിവ ചേര്‍ത്ത് പുതിയ ചരക്ക് പാത എന്ന ആഗ്രഹവും അടുത്തേക്കാണ്. വര്‍ക്കല, ശംഖുംമുഖം, വേളി, കോവളം എന്നീ ടൂറിസം കേന്ദ്രങ്ങളും ആശാന്‍സ്മാരകം ഉള്‍െപ്പടെയുള്ള സാംസ്കാരികകേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചുള്ള കള്‍ച്ചറല്‍ ടൂറിസം സാധ്യതകളും തുറക്കപ്പെടുകയാണ്. ആകെ ആലോചിച്ചാല്‍ ഇതുവരെയുള്ള ഒറ്റപ്പെടലില്‍ നിന്ന് തീരദേശം മുക്തി നേടുന്നു.
ഒരു പാലത്തിന്റെ പൂര്‍ത്തീകരണം ഇത്ര ആഘോഷിക്കപ്പെടേണ്ടതാണോ എന്ന ചോദ്യത്തിന് തീരത്തിന്റെ നല്ല നാളെകള്‍ ഉത്തരം നല്‍കും എന്നത് തീര്‍ച്ചയാണ്. പാലം പണി അവസാന ലാപ്പിലാണ്. ഫിനിഷിങ് പോയിന്റിലേക്ക് നാമമാത്രമായ ദൂരം മാത്രം.. ഇനി മടക്കമാണ്. പെരുമാതുറ ജങ്ഷനിലെത്തി അവിടെ നിന്ന് ഗണപതിയാംകോവില്‍ വഴി ചിറയിന്‍കീഴിലേക്ക്. പെരുമാതുറ ജങ്ഷനില്‍ ഷാജഹാന് എന്നയാളിന്റെ ചായക്കടയില്‍ കയറി ചായയ്ക്ക് പറഞ്ഞു. അകത്ത് നിന്ന് ഒരു ചെറു ചിരിയും ചായയുമായി ഷാജഹാന് വന്നു. രണ്ടിലും ഷാജഹാന്റെ സ്നേഹമധുരം നിറഞ്ഞിരുന്നു. പാലം വന്നതോടെ പെരുമാതുറയില്‍ സഞ്ചാരികളുടെ തിരക്ക് ദിനം പ്രതി കൂടുകയാണ്. അതുകൊണ്ട് തന്നെ കടയൊന്ന് വിപുലപ്പെടുത്തമെന്നാണ് ആഗ്രഹമെന്ന് ഷാജഹാന് പറയുന്നു. ഒരു ദേശത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ആ വാക്കുകളിലുണ്ടെന്ന് തോന്നി. ചുറ്റി നടന്നത് ഇതുവരെ ഇരുപതോളം മൈല്‍ മാത്രം ദൂരം. പക്ഷേ അതിനുള്ളില്‍ എത്ര അദ്ഭുതങ്ങളാണ് ഈ ദേശം കാത്തുെവച്ചിരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ വിസ്മയത്തിന്റെ മഹാസമുദ്രം ഹൃദയത്തിലാര്ത്തു. പെരുമാതുറയില്‍ ബസ് കാത്ത് നില്ക്കുമ്പോള് അടുത്തുള്ള മുസ്ലിം പള്ളിയില്‍ നിന്ന് മഗരീബ് നിസ്കാരത്തിന്റെ ബാങ്ക്വിളിയുയര്ന്നു. അതില്‍ നിന്ന് പ്രവഹിച്ച കാരുണ്യത്തിന്റെ കാറ്റ് വന്ന് കാതില്‍ അനുഗ്രഹവാക്യം ചൊല്ലിയത് പോലെ. തല കുമ്പിട്ട് എല്ലാ ഭക്തിയോടെയും അതേറ്റു വാങ്ങി, അപ്പോള്‍ അകലെ നിന്ന് ഒരു ഹോണ്‍ മുഴങ്ങികേട്ടു..ഇതാ മടക്കയാത്രയുടെ ബസ് വരികയാണ്......ഇതുവരെ ഒപ്പമുണ്ടായിരുന്നവര്ക്കൊക്കെ നന്ദി.
(അവസാനിച്ചു)