സൗഹൃദത്തിന്റെ തണലുമായി പഴയ സഹപാഠികളെത്തി; വേദനക്കിടയിലും സന്തോഷിച്ച് ടൈറ്റസ്‌

Posted on: 24 Aug 2015



വെഞ്ഞാറമൂട്: ഹൃദ്രോഗവും കാന്‍സറും കടന്നുപിടിച്ച ദുരിത ജീവിതത്തിനിടയില്‍ ടൈറ്റസ് ആഹ്ലാദിച്ച നിമിഷങ്ങളായിരുന്നു അത്. 1986 ല്‍ പിരപ്പന്‍കോട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാര്‍ തന്റെ ജീവിതത്തിനു താങ്ങായി എത്തുമ്പോള്‍ ടൈറ്റസ് നൊമ്പരം കടിച്ചമര്‍ത്തി.
പിരപ്പന്‍കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി. ബാച്ചാണ് ഒരു പുതിയ സന്ദേശ കൂട്ടായ്മയായി വളരുന്നത്. ഏപ്രില്‍ 14 ന് നടത്തിയ 1986ന്റെ വിഷു ഒത്തുകൂടല്‍ 'സൗഹൃദം 86' ആണ് സമൂഹത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. കെ.സി.സജീവ് പ്രസിഡന്റും ജ്യോതിഷ്‌കുമാര്‍ സെക്രട്ടറിയുമായി ഒരു സംഘാടകസമിതിയേയും തിരഞ്ഞെടുത്തിരുന്നു.
കൂടെ പഠിച്ച സുഹൃത്ത് ടൈറ്റസ് രോഗപീഡയിലാണെന്ന് തിരിച്ചറിഞ്ഞ 'സൗഹൃദം 86' പ്രവര്‍ത്തകര്‍ അരലക്ഷം രൂപയാണ് ചികിത്സയ്ക്കായി നല്‍കിയത്.
വീട്ടില്‍ കൊണ്ടുപോയി ധനസഹായം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്ക് വിദ്യാലയത്തില്‍ വച്ചുതന്നെ ധനസഹായം നല്‍കിയാല്‍ മതിയെന്ന ആഗ്രഹം ടൈറ്റസ് പ്രകടിപ്പിച്ചു. അതനുസരിച്ചാണ് എല്ലാവരും സ്‌കൂള്‍മുറ്റത്ത് ഒത്തുകൂടി സഹായം നല്‍കിയത്. ടൈറ്റസിന്റെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ കൂട്ടുകാര്‍ ഒന്നടങ്കം പഴയചങ്ങാതിയെ ചേര്‍ത്തുപിടിച്ച് സമാധാനിപ്പിച്ചു.
ടൈറ്റസ് ആര്‍.സി.സി.യില്‍ റേഡിയേഷന്‍ ചികിത്സ തുടങ്ങുകയും ചെയ്തു.


More Citizen News - Thiruvananthapuram